ഉത്സവപ്പറമ്പില്‍ യുവാവിനെ 110 വെട്ടു വെട്ടി കൊലപ്പെടുത്തിയ കേസ്; ആറുപ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

ഉത്സവപ്പറമ്പില്‍ യുവാവിനെ 110 വെട്ടു വെട്ടി കൊലപ്പെടുത്തിയ കേസ്; ആറുപ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

Update: 2025-01-31 02:26 GMT

കൊല്ലം: ഉത്സവപ്പറമ്പില്‍ യുവാവിനെ 110 വെട്ടു വെട്ടി കൊലപ്പെടുത്തിയ കേസില്‍ ആറുപ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും ഓരോലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ചു. ചിറക്കര കാരംകോട് ചരുവിള പുത്തന്‍ വീട്ടില്‍ അനില്‍കുമാറിനെ (31) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. അഞ്ചു വര്‍ഷം മുന്‍പ് ചാത്തന്നൂര്‍ വയലിക്കട ചാവരുകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കൊലപാതകം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ച് ജഡ്ജ് ബിന്ദു സുധാകരനാണ് വിധി പറഞ്ഞത്.

കേസിലെ 18 പ്രതികളില്‍ മൂന്നാംപ്രതി പരവൂര്‍ നെടുങ്ങോലം പൊയ്കയില്‍ തൊടിയില്‍ ലാലു (42), നാലാംപ്രതി മീനാട് ഏറത്ത് പണ്ടാരത്തോപ്പ് രതീഷ് (41), അഞ്ചാംപ്രതി കല്ലുവാതുക്കല്‍ വരിഞ്ഞം ചരുവിള വീട്ടില്‍ സാബു (58), ആറാംപ്രതി മീനാട് കോയിപ്പാട് രാജീവ് ഗാന്ധി കോളനിയില്‍ രേഷ്മ ഭവനില്‍ വിഷ്ണു (32), ഏഴാംപ്രതി മീനാട് വരിഞ്ഞം സുന്ദരംമുക്ക് സൂഖ്യ ഭവനില്‍ സുജിത്ത് (38), ഒന്‍പതാംപ്രതി കല്ലുവാതുക്കല്‍ വരിഞ്ഞം കാവില്‍ വീട്ടില്‍ ഹണി (36) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. 2015 ഫെബ്രുവരി 12-നായിരുന്നു കേസിനാസ്പദമായ സംഭവം.

അനിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ട നടപടികളെടുക്കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും നിര്‍ദേശം നല്‍കി. ചിറക്കര മീനാട് വാഴത്തോപ്പ് വീട്ടില്‍ പ്രജുവിനെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതിലുള്ള മുന്‍വൈരാഗ്യത്താല്‍ അനിയെയും ചിറക്കര ഉളിയനാട് കണ്ണേറ്റ് ജിതേഷ് ഭവനില്‍ രാജേഷ്‌കുമാറിനെയും കൊലപ്പെടുത്താനെത്തിയ 18 അംഗസംഘം അനിയെ കൊല്ലുകയും രാജേഷിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. രാജേഷ് കേസിലെ മുഖ്യസാക്ഷിയായിരുന്നു. ഒന്നാംപ്രതി പ്രജു വിസ്താരം നടക്കവേ ഒളിവില്‍പോയി. രണ്ടാംപ്രതി സേതുപതി, മൂന്നാംപ്രതി വിഷ്ണു പതിനേഴാംപ്രതി സന്തോഷ് എന്നിവര്‍ വിസ്താരവേളയില്‍ മരിച്ചു. 8, 10, 11, 12, 14, 15, 16, 18 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടു.

ചാത്തന്നൂര്‍ എസ്.ഐ. ഫിറോസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത കേസ് വി.ജോഷി, അജയനാഥ് എന്നിവരാണ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജയകമലാസനന്‍ ഹാജരായി. സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് പ്രോസിക്യൂഷന്‍ സഹായിയായിരുന്നു.

Tags:    

Similar News