നിരന്തര പീഡനത്തെ തുടര്‍ന്ന് പതിനൊന്നുകാരി ആത്മഹത്യ ചെയ്ത സംഭവം; പ്രതിയായ 72കാരന് മൂന്ന് ജീവപര്യന്തം ശിക്ഷ
നിരന്തര പീഡനത്തെ തുടര്‍ന്ന് പതിനൊന്നുകാരി ആത്മഹത്യ ചെയ്ത സംഭവം; പ്രതിയായ 72കാരന് മൂന്ന് ജീവപര്യന്തം ശിക്ഷ
കൊട്ടാരക്കര: പീഡനത്തെ തുടര്‍ന്ന് പതിനൊന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കുണ്ടറ സ്വദേശിയായ 72-കാരനെയാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി അധിക 10 വര്‍ഷം തടവും 40,000 രൂപയും പിഴയും വിധിച്ചിട്ടുണ്ട്. കൊട്ടാരക്കര അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് വിധി പറഞ്ഞത്.
2017 ജനുവരി 15-നായിരുന്നു പതിനൊന്നുകാരിയെ വീട്ടിലെ ജനാലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളെ അച്ഛന്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു അന്ന് പ്രതി പോലീസില്‍ മൊഴിനല്‍കിയത്. എന്നാല്‍ വീട്ടുവഴക്കിനെ തുടര്‍ന്ന് 2015-ല്‍ത്തന്നെ കുട്ടികളുടെ അച്ഛനെ വീട്ടില്‍ എത്തുന്നതില്‍നിന്നു കോടതി വിലക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേസ് അയല്‍വാസിയായ 72കാരനിലേക്ക് എത്തുക ആയിരുന്നു.
മരിച്ച പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയും അമ്മയും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഭൂരിഭാഗം സാക്ഷികളും കൂറുമാറിയ കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി. പെണ്‍കുട്ടിയുടെ 13-കാരിയായ മൂത്ത സഹോദരി മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയും നിര്‍ണായകമായി. 2017-ല്‍ കുണ്ടറ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കൊട്ടാരക്കര ഡിവൈ.എസ്.പി.യായിരുന്ന ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത് വിക്ടറാണെന്നു കണ്ടെത്തിയത്. പെണ്‍കുട്ടി മരിക്കുന്നതിനു മണിക്കൂറുകള്‍ക്കുമുന്‍പും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായും ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. സംഭവം വിവാദമാവുകയും കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തു.
വിചാരണവേളയില്‍ കുട്ടിയുടെ അമ്മയും മൂത്ത സഹോദരിയും ഉള്‍പ്പെടെ ബന്ധുക്കളെല്ലാം മൊഴിമാറ്റി. കേസ് ആദ്യം കൊല്ലം കോടതിയിലായിരുന്നു. അവിടെ മൂത്തകുട്ടി മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ രണ്ട് കുട്ടികളേയും ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്.
അന്ന് മൊഴി രേഖപ്പെടുത്തിയ നിലവിലെ എറണാകുളം സി.ജെ.എമ്മിനെ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തി മൊഴിയെടുത്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഷുഗു സി.തോമസ് ഹാജരായി. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷക പറഞ്ഞു.
മൂന്നു ജീവപര്യന്തം തടവുശിക്ഷയെന്ന വിധി കേട്ടിട്ടും കൂസലില്ലാതെ പ്രതി. ഒരു തെളിവുമില്ലാതെയാണ് ശിക്ഷയെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ കോടതിക്കുപുറത്ത് പറയുന്നുണ്ടായിരുന്നു.