സാമൂഹിക സുരക്ഷിതത്വത്തിനും വികസനത്തിനും വേണ്ടി ക്രിയാത്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്ന സംസ്ഥാനമാണ് കേരളം; പട്ടികവര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃക തീര്‍ക്കുന്നു: മന്ത്രി കെ രാജന്‍
തിരുവനന്തപുരം: പട്ടികവര്‍ഗ സമൂഹത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തിനും വികസനത്തിനും വേണ്ടി ക്രിയാത്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പട്ടിക വര്‍ഗ യുവജന സമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം കൈമനം ബി എസ് എന്‍ എല്‍ ട്രെയിനിങ് സെന്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഛത്തീസ്ഗഢ്, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളാണ് പതിനാറാമത് യുവജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയത്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഏറെ സന്തോഷത്തോടെ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
ആദിവാസിഗോത്രവിഭാഗങ്ങള്‍ സമ്പന്നമായ സംസ്‌കൃതിയുടെ ഉടമകളാണ്. വനത്തിനുള്ളിലും ഉള്‍പ്രദേശങ്ങളിലും താമസിക്കുകയും പ്രകൃതിയുമായി ഇണങ്ങി നാടും പുഴകളും സസ്യജാലങ്ങളും സംരക്ഷിക്കുന്ന പരിസ്ഥിതി സംരക്ഷണ സമൂഹം കൂടിയാണ് പട്ടികവര്‍ഗസമൂഹം' സമൂഹത്തിന്റെ പൊതുധാരയിലേക്ക് പട്ടിക വര്‍ഗ സമൂഹത്തെ കൊണ്ടുവരാന്‍ നിതാന്ത പരിശ്രമമാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. അതു കൊണ്ട് തന്നെ ഇവിടെ നടക്കുന്ന ഈ പരിപാടിയില്‍ ആദിവാസി സമൂഹത്തിന്റെ വികസനം ചര്‍ച്ച ചെയ്യുന്നു എന്നത് ശുഭ പ്രതീക്ഷയാണ്'. യുവതയുടെ നേതൃത്വത്തില്‍ വികസനം നടപ്പിലാക്കണം. ആദിവാസി സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഊജ്വലനായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി ബിര്‍സ മുണ്ടയുടെ 150 -ാം ജന്മ വാര്‍ഷിക വര്‍ഷത്തില്‍ പരിപാടി നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈ പരിപാടിയിലൂടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങള്‍ കാണാന്‍ കഴിയുന്നു എന്നത് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണ്.
സാമൂഹിക സാമ്പത്തിക വികസന പ്രക്രിയ വേഗത്തിലാക്കി ആദിവാസി, പട്ടിക വര്‍ഗ സമൂഹത്തെ സ്വയം പര്യാപ്തരാക്കുക, ഭൂമിയുടെ അന്യവല്‍ക്കരണം തടയുക, പൊതു സേവനങ്ങളുടെ ഉറപ്പാക്കല്‍, പട്ടിക വര്‍ഗ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, സാമൂഹിക പരിപാലനം ഇവയില്‍ കേരളം ശ്രദ്ധ നല്‍കുന്നു. 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ പട്ടികവര്‍ഗ ക്ഷേമത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൃത്യമായ ചുമതല നല്‍കി. കേരളത്തിലെ ആദ്യത്തെ സംയോജിത പട്ടികവര്‍ഗ പദ്ധതി അഥവാ ഐ ടി ഡി പി യായി അട്ടപ്പാടി വികസന ബ്ലോക്ക് ആരഭിച്ചു. ഇന്ന് ഇത്തരം ആറ് പദ്ധതികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. പട്ടികവര്‍ഗ വികസന ഓഫീസുകള്‍ വഴി വികസന പദ്ധതികളുടെയും സേവനങ്ങളുടെയും നിര്‍വഹണം നടത്തുന്നു. പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പ്രീ മെട്രിക് ഹോസ്റ്റലുകള്‍, പരിശീലന കേന്ദ്രങ്ങള്‍, സഞ്ചരിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍, വിദേശ വിദ്യാഭ്യാസ സഹായം, സിവില്‍ സര്‍വീസ് പരിശീലനം, പോഷകാഹാര പദ്ധതി, ഇന്‍ഷുറന്‍സ് തുടങ്ങിയ നിരവധി പദ്ധതികളാണ് കേരളം ഈ മേഖലയില്‍ നടപ്പിലാക്കുന്നത്. യുവജന സമ്പര്‍ക്ക പരിപാടിയിലെ പ്രതിനിധികള്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എല്ലാവരെയും കേരള സര്‍ക്കാരിനു വേണ്ടി നിയമസഭയിലേക്ക് സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ബഹുസ്വരതയാര്‍ന്ന ഇന്ത്യയെ തിരിച്ചറിഞ്ഞ് നല്ല നാളെകള്‍ സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയട്ടെയെന്നു മന്ത്രി ആശംസിച്ചു. പത്മ ശ്രീ ലക്ഷ്മികുട്ടി അമ്മ, കായിക യുവജന ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, നെഹ്റു യുവകേന്ദ്ര കേരള ഡയറക്ടര്‍ അനില്‍ കുമാര്‍ എം, ജില്ലാ യൂത്ത് ഓഫീസര്‍മാരായ സന്ദീപ് കൃഷ്ണന്‍ വി, സച്ചിന്‍ എന്നിവര്‍ സംബന്ധിച്ചു. ഫെബ്രുവരി 3 ന് ആരംഭിച്ച പരിപാടി 9 ന് സമാപിക്കും.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകള്‍ക്ക് പുറമെ സംഘാംഗങ്ങള്‍ക്ക് കേരള നിയമസഭ, വിക്രംസാരാഭായ് സ്പേസ് സെന്റര്‍, ടെക്‌നോപാര്‍ക്ക്, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, വിഴിഞ്ഞം പോര്‍ട്ട് എന്നിവയില്‍ പഠന യാത്രയും കോവളം ബീച്ച്, മ്യൂസിയം, മൃഗശാല എന്നിവ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.