പേവിഷബാധ; ഒമ്പത് വര്‍ഷത്തിനിടെ മരിച്ചത് 124 പേര്‍: കടിയേറ്റത് 17.39 ലക്ഷം പേര്‍ക്ക്

പേവിഷബാധ; ഒമ്പത് വര്‍ഷത്തിനിടെ മരിച്ചത് 124 പേര്‍: കടിയേറ്റത് 17.39 ലക്ഷം പേര്‍ക്ക്

Update: 2025-02-13 01:31 GMT

വൈക്കം: സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒമ്പ്ത് വര്‍ഷത്തിനിടെ മരിച്ചത് 124 പേര്‍. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതു വയസ്സുകാരന്‍ തിങ്കളാഴ്ച മരിച്ചിരുന്നു. സംസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്ത ഏറ്റവും ഒടുവിലത്തെ പേവിഷബാധ മരണമാണിത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 17.39 ലക്ഷം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. ആശുപത്രികളിലെ 2021 മുതലുള്ള കണക്കാണിത്. പൂച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ മന്ത്രി എം.ബി. രാജേഷ് നല്‍കിയ മറുപടിയിലാണ് ഈ കണക്കുള്ളത്.

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷന്‍, എ.ബി.സി. (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സ്), റാബീസ് ഫ്രീ കേരള തുടങ്ങിയ പരിപാടികള്‍ക്കായി 47.60 കോടി രൂപ തദ്ദേശസ്ഥാപനങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ രണ്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുമുണ്ട്. മൃഗസംരക്ഷണവകുപ്പും തദ്ദേശവകുപ്പും ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും. പോര്‍ട്ടബിള്‍ എ.ബി.സി. സെന്ററുകള്‍ സ്ഥാപിച്ച് തെരുവുനായ്ക്കളുടെ വന്ധ്യംകരണവും പരിഗണനയിലുണ്ട്.

സംസ്ഥാനത്ത് 15 എ.ബി.സി. കേന്ദ്രങ്ങളാണുള്ളത്. അഞ്ച് സെന്ററുകള്‍ക്കുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ജനങ്ങളുടെ എതിര്‍പ്പാണ് പ്രധാന കാരണമായി തദ്ദേശവകുപ്പ് പറയുന്നത്. പേവിഷബാധ നിയന്ത്രിക്കുന്നതിനായി വളര്‍ത്തുനായകളെ വാക്സിനേറ്റ് ചെയ്യുന്നതിന് ഉടമകള്‍ക്കും തെരുവുനായകളെ വാക്സിനേറ്റ് ചെയ്യുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ വാക്സിനേഷന്‍ ഡ്രൈവ് നടത്തിവരുന്നു.

Tags:    

Similar News