പൊലീസിനെ വട്ടംകറക്കി സമൂഹ മാധ്യമത്തിലൂടെ ലഹരി വില്‍പ്പന; യുവാവിനെ പിടികൂടി ചാലക്കുടി പോലിസ്: പിടിച്ചെടുത്തത് 5.250 കിലോ കഞ്ചാവ്
പൊലീസിനെ വട്ടംകറക്കി സമൂഹ മാധ്യമത്തിലൂടെ ലഹരി വില്‍പ്പന; യുവാവിനെ പിടികൂടി ചാലക്കുടി പോലിസ്
തൃശൂര്‍: പൊലീസിനെ വട്ടംകറക്കി ദീര്‍ഘനാളായി ലഹരിവില്പന നടത്തിയ യുവാവിനെ ചാലക്കുടി പൊലീസ് പിടികൂടി. മോതിരക്കണ്ണി ആന്ത്രക്കാംപാടം സ്വദേശി പുത്തിരിക്കല്‍ തട്ടാരത്ത് വീട്ടില്‍ അലോഷ്യസ് (29) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്നും 5.250 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. പകല്‍ സമയങ്ങളില്‍ ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ കറങ്ങി ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതാണ് രീതി.
സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇയാളുടെ ലഹരി കച്ചവടം. വീഡിയോകോള്‍ വഴി വിളിച്ച് ഉറപ്പ് വരുത്തിയാണ് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നത്. മോതിരക്കണ്ണി സ്വദേശിയാണെങ്കിലും പല സ്ഥലങ്ങളിലുംല്‍ മാറി മാറി വാടകക്ക് താമസിച്ചായിരുന്നു ഇയാളുടെ ലഹരി കച്ചവടം. പ്രതിയുടെ സാമൂഹ്യമാധ്യമ കൂട്ടായ്മയില്‍ നുഴഞ്ഞുകയറിയാണ് പൊലീസ് ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയത്.
വില്‍പ്പനയ്ക്കായി ലഹരിയുമായി പോവുന്നതിനിടെ തന്റെ സ്‌കൂട്ടര്‍ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി പോട്ട പനമ്പിള്ളി കോളജിന് പുറകുവശത്തെ ഇടവഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.