വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; പോലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; പോലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍
കോട്ടയം വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന എറണാകുളം തോപ്പുംപടി സ്റ്റേഷന്‍ മുന്‍ എസ്എച്ച്ഒ ചിനിക്കടുപ്പില്‍ സി.ടി.സഞ്ജയ് (47), പത്തനംതിട്ട തുരുത്തിക്കാട് അപ്പക്കോട്ടമുറിയില്‍ പ്രീതി മാത്യു (51) എന്നിവരാണു പിടിയിലായത്. തലപ്പുലം സ്വദേശിനിക്ക് യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 8.60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇരുവരേയും പിടികൂടിയത്.
തോപ്പുംപടി സ്റ്റേഷനില്‍ എസ്എച്ച്ഒ ആയിരുന്ന സമയത്ത് ജോലിസമയത്തു മുങ്ങിയതിന്റെ പേരില്‍ ഓഫിസറെ ആറുമാസം മുന്‍പു സസ്‌പെന്‍ഡ് ചെയ്തിരുന്നു. വെസ്റ്റ് സ്റ്റേഷന്‍ എസ്എച്ച്ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രീതി നടത്തിയിരുന്ന സ്ഥാപനം മുഖേന തലപ്പുലം സ്വദേശിനിക്കു യുകെയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജോലി ലഭിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കി. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലിസുകാരനും കുടുങ്ങിയത്.
ഒട്ടേറെ കേസുകളില്‍ പ്രതിയായ പ്രീതിയുമായി കീഴ്വായ്പൂര് സ്റ്റേഷനില്‍വച്ചാണു സഞ്ജയ് പരിചയപ്പെട്ടതെന്നും തുടര്‍ന്നു സ്ഥാപനത്തിന്റെ നടത്തിപ്പിലടക്കം ഇടപെട്ടെന്നും അന്വേഷണസംഘം പറഞ്ഞു. സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്നു 12 ലക്ഷം രൂപ പലപ്പോഴായി സഞ്ജയ്യുടെ അക്കൗണ്ടിലേക്കു മാറ്റിയെന്നും പൊലീസ് കണ്ടെത്തി. പ്രീതി മാത്യു ഒളിവില്‍ കഴിഞ്ഞ കര്‍ണാടകയിലെ കുടകില്‍ ഇരുവരും ഒന്നിച്ചായിരുന്നുവെന്നും കണ്ടെത്തലുണ്ട്. കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയതായി ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് അറിയിച്ചു.