വന്യജീവി ആക്രമണം; നഷ്ടപരിഹാര തുക കൂട്ടും: ഇന്‍ഷുറന്‍സ് പരിഗണിക്കുമെന്നും മുഖ്യമന്ത്രി
വന്യജീവി ആക്രമണം; നഷ്ടപരിഹാര തുക കൂട്ടും: ഇന്‍ഷുറന്‍സ് പരിഗണിക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: വന്യജീവികള്‍ മൂലമുള്ള കൃഷി, വളര്‍ത്തുമൃഗ നാശത്തിനുള്ള നഷ്ടപരിഹാരം കൂട്ടാനും അവയ്ക്കും മനുഷ്യജീവഹാനിക്കും ഇന്‍ഷുറന്‍സ് പരിഗണിക്കാനും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം. നഷ്ടപരിഹാരം സംബന്ധിച്ച് വനം, കൃഷി, മൃഗസംരക്ഷണം, ധന വകുപ്പു സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും. വന്യജീവി ആക്രമണം രൂക്ഷമായ 273 പഞ്ചായത്തുകളിലും മറ്റ് തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ പ്രവര്‍ത്തകരുടെ പ്രൈമറി റെസ്‌പോണ്‍സ് ടീം രൂപീകരിക്കും.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതി യോഗം ചേര്‍ന്ന് ജില്ല, പ്രാദേശികതല സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രൂപരേഖ തയാറാക്കും. ജില്ലാതല സമിതിയില്‍ പ്രദേശത്തെ എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തും. വനം വകുപ്പ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇതിനുള്ള പ്രാദേശിക സമിതികള്‍ മാര്‍ച്ച് 15നകം എല്ലായിടത്തും രൂപീകരിക്കും.
അനധികൃത രാത്രി യാത്ര ഒഴിവാക്കുക, വനമേഖലയോട് ചേര്‍ന്ന ടൂറിസം കേന്ദ്രങ്ങളില്‍ വഴിയോര വാണിഭം നിയന്ത്രിക്കുക, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും നടപ്പാക്കും.