കൊക്കോ ശേഖരണം കുറച്ച് ചോക്ലേറ്റ് കമ്പനികള്‍; ഒരാഴ്ചക്കിടെ കൊക്കോ വിലയില്‍ വന്‍ ഇടിവ്

കൊക്കോ ശേഖരണം കുറച്ച് ചോക്ലേറ്റ് കമ്പനികള്‍; ഒരാഴ്ചക്കിടെ കൊക്കോ വിലയില്‍ വന്‍ ഇടിവ്

Update: 2025-03-05 01:39 GMT

ഇടുക്കി: ചോക്ലേറ്റ് കമ്പനികള്‍ കൊക്കോ ശേഖരണം കുറച്ചതോടെ ഒരാഴ്ചക്കിടെ കൊക്കോ വിലയില്‍ വന്‍ ഇടിവ്. 660 രൂപയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ 580-590 രൂപയ്ക്കാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. 130 രൂപ ഉണ്ടായിരുന്ന പച്ച കൊക്കോ വില 100-110 രൂപയുമായി. ചോക്ലേറ്റ് കമ്പനികളുടേയും ഇടനിലക്കാരുടെയും ഇടപെടലാണ് ഉത്പാദനം കുറഞ്ഞുനില്‍ക്കുന്ന സമയത്തും കൊക്കോ വില ഇടിയാന്‍ കാരണമാകുന്നത്. ഉത്പാദനവും ഇറക്കുമതിയും കുറഞ്ഞതിനാല്‍ മുന്‍വര്‍ഷം അപ്രതീക്ഷിതമായി കൊക്കോവില കുതിച്ചു കയറുകയായിരുന്നു.

2024 മേയിലാണ് കൊക്കോ വില റെക്കോഡിടുന്നത്. അന്ന് 1000-1100 രൂപവരെ ഉണങ്ങിയ കൊക്കോയ്ക്ക് ലഭിച്ചിരുന്നു. പച്ച കൊക്കോയ്ക്ക് 270 രൂപയും വിലയുണ്ടായിരുന്നു. കട്ടപ്പന, അണക്കര, വണ്ടിപ്പെരിയാര്‍, അടിമാലി, കുമളി കമ്പോളങ്ങളിലാണ് ഹൈറേഞ്ചില്‍ പ്രധാനമായും കൊക്കൊ ശേഖരിക്കുന്നത്. മേയ് മുതല്‍ സെപ്റ്റംബര്‍വരെയാണ് ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ കൂടുതലായി കൊക്കൊ എത്തുന്നത്. ഹൈറേഞ്ചിലെ വ്യാപാരികളില്‍നിന്ന്, പാല്‍ ഉത്പന്നങ്ങളും ചോക്ലേറ്റും നിര്‍മിക്കുന്ന സഹകരണ സംഘങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും ഏജന്‍സികള്‍ കൊക്കൊ ശേഖരിച്ച് ഗുജറാത്ത്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് അയക്കുന്നത്.

Tags:    

Similar News