കോട്ടയം ഗവ.നഴ്‌സിങ് കോളജിലെ റാഗിങ്: അഞ്ച് വിദ്യാര്‍ത്ഥികളുടേയും പ്രവേശനം റദ്ദാക്കി; നഴ്‌സിങ് സംബന്ധമായ കോഴ്‌സുകളില്‍ പ്രവേശനം നല്‍കരുതെന്നും ശുപാര്‍ശ

കോട്ടയം ഗവ.നഴ്‌സിങ് കോളജിലെ റാഗിങ്: അഞ്ച് വിദ്യാര്‍ത്ഥികളുടേയും പ്രവേശനം റദ്ദാക്കി

Update: 2025-03-08 00:30 GMT

തിരുവനന്തപുരം: കോട്ടയം ഗവ.നഴ്‌സിങ് കോളജില്‍ ഒന്നാംവര്‍ഷ ജനറല്‍ നഴ്സിങ് വിദ്യാര്‍ഥികളെ അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അഞ്ചു വിദ്യാര്‍ഥികളുടെയും പ്രവേശനം റദ്ദാക്കാന്‍ ഉത്തരവ്. ഇവര്‍ക്ക് നഴ്‌സിങ് സംബന്ധിയായ ഒരു കോഴ്‌സിനും പ്രവേശനം നല്‍കരുതെന്നും ശുപാര്‍ശയുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) ഡോ.തോമസ് മാത്യുവിന്റേതാണ് ഉത്തരവ്.

കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍ ജോണ്‍സണ്‍, എന്‍.എസ്.ജീവ, മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ കെ.പി.രാഹുല്‍രാജ്, റിജില്‍ജിത്, എന്‍.വി.വിവേക് എന്നിവരുടെ പ്രവേശനമാണു റദ്ദാക്കിയത്. ഇവര്‍ ഇനി കോളജ് ക്യാംപസില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും പഠനാനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ ഉടന്‍ റദ്ദാക്കണമെന്നും ഡിഎംഇ നിര്‍ദേശിച്ചിട്ടുണ്ട്.

രോഗീപരിചരണ മേഖലയില്‍ ഇത്തരം ക്രൂരമനസ്സുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. അതിനാല്‍ നഴ്‌സിങ് മേഖലയിലെ മറ്റുകോഴ്‌സുകളിലും പ്രതികളുടെ പ്രവേശനം തടയുന്നതിനു നടപടി സ്വീകരിക്കണമെന്നു കേരള നഴ്‌സിങ് കൗണ്‍സിലിനോടു ശുപാര്‍ശ ചെയ്തു. ഡിഎംഇയുടെ നിര്‍ദേശപ്രകാരം നാലംഗസമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാണു നടപടി.

കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡിലെ അംഗങ്ങളായ അധ്യാപകര്‍ക്കെതിരെയും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോളജ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെയും അച്ചടക്കനടപടി തുടരാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News