ബെംഗളൂരുവിലെ മലയാളി യുവാവിന്റെ ദുരൂഹ മരണം; ഒപ്പം താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലിസ്

ബെംഗളൂരുവിൽ യുവാവ് മരിച്ച സംഭവം: കാഞ്ഞിരപ്പള്ളി സ്വദേശിയെ കസ്റ്റഡിയിലെടുത്തു

Update: 2025-03-16 02:53 GMT

കാഞ്ഞിരപ്പള്ളി: ബെംഗളൂരുവില്‍ തൊടുപുഴ സ്വദേശിയായ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍, ഒപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കാരിക്കല്‍ എബിന്‍ ബേബി (28) യെയാണ് ബെംഗളൂരു പോലീസ് കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ചിറ്റൂര്‍ പുത്തന്‍പുരയില്‍ ബേബി-മേരിക്കുട്ടി ദമ്പതിമാരുടെ മകന്‍ ലിബിന്‍ ബേബി (32) ആണ് തലയ്ക്ക് പരിക്കേറ്റ് ബെംഗളൂരുവില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ 12-ന് മരിച്ചത്.

പിന്നാലെ കുടുംബം പോലിസില്‍ പരാതി നല്‍കുക ആയിരുന്നു. ആറുവര്‍ഷമായി ലിബിന്‍ ബെംഗളൂരുവിലെ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഒരുമുറിയില്‍ മലയാളികളായ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം. എട്ടാം തീയതിയാണ് ലിബിന്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് സുഹൃത്തുക്കള്‍ കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതേസമയം കുടുംബാംഗങ്ങള്‍ ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റ് ലിബിന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് അറിയുന്നത്.

ഡോക്ടര്‍മാരുമായി സംസാരിച്ചപ്പോള്‍, പരിക്ക് വീഴ്ചമൂലം ഉണ്ടായതല്ലെന്ന് വ്യക്തമായി. കുടുംബം എത്തും വരെ സുഹൃത്തുക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ എത്തിയതിന് പിന്നാലെ എബിന്‍ ബെംഗളൂരുവില്‍നിന്ന് മുങ്ങിയിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. എബിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.

Tags:    

Similar News