കടുവ ചത്തത് തലയില്‍ വെടിയേറ്റതിനെ തുടര്‍ന്ന്; നെഞ്ചിനേറ്റ മുറിവ് മൂലം ശ്വാസ കോശത്തിനും ഗുരുതര പരിക്ക്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കടുവ ചത്തത് തലയില്‍ വെടിയേറ്റതിനെ തുടര്‍ന്ന്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കുമളി: മയക്കുവെടിവച്ചു പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അരണക്കല്ലില്‍ കടുവ ചാകാന്‍ കാരണം തലയില്‍ വെടിയേറ്റത് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കടുവയുടെ തലയില്‍ രണ്ട് വെടിയേറ്റിരുന്നു. ഇത് കൂടാതെ കടുവയുടെ നെഞ്ചിന്റെ ഭാഗത്ത് ആഴത്തില്‍ മുറിവുണ്ട്. ഇരപിടിക്കുന്നതിനിടെ പോത്തിന്റെയോ പശുവിന്റെയോ കൊമ്പുകൊണ്ടുള്ള കുത്തേറ്റതാകാം ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. ഈ മുറിവ് ഉള്ളിലേക്ക് ആഴത്തില്‍ കടന്ന് ശ്വാസകോശത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശ്വാസകോശത്തിനേറ്റ മുറിവ് ഗുരുതരമാണെങ്കിലും പെട്ടെന്നുള്ള മരണകാരണം വെടിയേറ്റതു തന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
കടുവയുടെ കാലിനും ഗുരുതരമായ മുറിവേറ്റിട്ടുണ്ട്. മൃഗവേട്ടക്കാര്‍ ചെറുമൃഗങ്ങളെ വേട്ടയാടാന്‍ തേയിലക്കാട്ടില്‍ സ്ഥാപിച്ച കുരുക്കില്‍ കാല്‍ പെട്ടതാകാമെന്നാണു വിലയിരുത്തല്‍. ഈ മുറിവിന് ഒരു മാസത്തിലധികം പഴക്കമുണ്ട്. കുരുക്കു വച്ചവരെ കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിഎഫ്ഒ പറഞ്ഞു. ഇര തേടാന്‍ കഴിയാത്ത വിധത്തില്‍ കടുവയുടെ കോമ്പല്ലുകള്‍ തേഞ്ഞുതീര്‍ന്നിട്ടുണ്ട്. 14 വയസ്സുള്ള പെണ്‍കടുവയാണ് മയക്കു വെടിവെച്ചതിന് പിന്നാലെ ചത്തത്.
വനം വകുപ്പിലെ ഡോക്ടര്‍മാരായ ബിനോയ് സി ബാബു, ബി.ജി. സിബി, കുമളി വെറ്ററിനറി ഡിസ്പന്‍സറിയിലെ ഡോ. ഹേമ സ്വാതി എന്നിവര്‍ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. കോട്ടയം ഡിഎഫ്ഒ എന്‍. രാജേഷ്, പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രം ഈസ്റ്റ് ഡിവിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സുരേഷ് ബാബു, ദേശീയ കടുവ സംരക്ഷണ അതോറിറ്റി നോമിനി മാത്യു തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രതിനിധി എം.എന്‍. ജയചന്ദ്രന്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് അംഗം ജെ.പ്രതിഭ, സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ കെ. ശ്രീധരന്‍, തഹസില്‍ദാര്‍ ജി. ജീവ എന്നിവര്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ നിരീക്ഷകരായിരുന്നു.