വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും പേരില്‍ വായ്പയെടുപ്പിച്ച ശേഷം തിരിച്ചടച്ചില്ല; രണ്ടു പേര്‍ അറസ്റ്റില്‍

വായ്പയെടുപ്പിച്ച ശേഷം തിരിച്ചടച്ചില്ല; രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-03-22 14:28 GMT

പന്തളം: സ്വകാര്യ ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഫിനാന്‍സില്‍ നിന്ന് വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും പേരില്‍ വായ്പയെടുപ്പിച്ച ശേഷം തിരിച്ചടക്കാതിരുന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. ആലപ്പുഴ വെണ്മണി കഞ്ഞിക്കുഴി കക്കട രാജേഷ് ഭവനത്തില്‍ രതീഷ് കുമാര്‍ (41), ചങ്ങനാശ്ശേരി ശാന്തിപുരം ആര്യന്‍കാല പുതുപ്പറമ്പില്‍ ജെയ്ത്ത് (കറുകച്ചാല്‍ കണ്ണന്‍ -30)എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കൊട്ടാരക്കര ചക്കുവരക്കല്‍ സ്വദേശിയ രതീഷ് കേസിനു ശേഷം വീടുവിട്ട് മാറിത്താമസിക്കുകയായിരുന്നു.

2020 ജൂണ്‍ 18നാണ് സംഭവം. പന്തളം മങ്ങാരം സ്വദേശിനിയുടെയും ഭര്‍ത്താവിന്റെയും പേരില്‍ 38 തവണകളായി തിരിച്ചടച്ചു കൊള്ളാം എന്ന വ്യവസ്ഥയില്‍ 2,98,129 രൂപ വായ്പയെടുപ്പിച്ച ഒന്നാം പ്രതി രതീഷ്, സ്വന്തം ആവശ്യത്തിനായി കാര്‍ വാങ്ങിയ ശേഷം വായ്പത്തുക തിരിച്ചടക്കാതെ മുങ്ങി. പിന്നീട് ഈ കാര്‍ 80,000 രൂപക്ക് ജെയ്ത്തിന് പണയംവെച്ചു. ഇയാള്‍ പിന്നീട് വാഹനം മറിച്ചുവിറ്റു. കാര്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

മൊബൈല്‍ ഫോണ്‍ ഇടക്ക് ഓണാക്കിയപ്പോള്‍ കിട്ടിയ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് സംഘം രതീഷിനെ കണ്ടെത്തിയത്. പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ജെയ്ത്തിനെ ചങ്ങനാശ്ശേരിയില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കം കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു. പന്തളം പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്.ഐമാരായ കെ.ബി. അജി, മനോജ് കുമാര്‍, പൊലീസുകാരായ അന്‍വര്‍ ഷാ, എസ്.കെ. അമീഷ്, ജലജ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Similar News