അനുജനെ കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന്‍ കുറ്റക്കാരനെന്ന് കോടതി; അമ്മയും സഹോദര ഭാര്യയും അടക്കം കൂറുമാറിയ കേസില്‍ ശിക്ഷാ വിധി ഇന്ന്

ചേട്ടനെ കൊന്ന കേസിൽ അനിയൻ കുറ്റക്കാരൻ; ശിക്ഷ ഇന്ന്

Update: 2025-03-26 00:25 GMT

തൊടുപുഴ: അനുജനെ കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന്‍ കുറ്റക്കാരനെന്ന് കോടതി. സാക്ഷികള്‍ കൂറുമാറിയെങ്കിലും പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുക ആയിരുന്നു. അടിമാലി ആനവിരട്ടി ചുട്ടിശ്ശേരില്‍ അരുണിനെ (31) കൊലപ്പെടുത്തിയ കേസിലാണ് സഹോദരന്‍ അന്‍വിന്‍ പോള്‍ (മനു36) കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്.

തൊടുപുഴ അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍.സീത ഇന്നു ശിക്ഷ വിധിക്കും. 2016 ഓഗസ്റ്റ് 28ന് ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ അന്‍വിന് 27 വയസ്സായിരുന്നു. ഒരു കല്യാണവീട്ടില്‍നിന്നു മദ്യപിച്ചു വീട്ടിലെത്തിയ അരുണ്‍ അന്‍വിനുമായി വഴക്കുണ്ടാക്കിയെന്നും തുടര്‍ന്ന് അരുണിനെ അന്‍വിന്‍ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നുമാണു കേസ്. ഇരുവരും തമ്മില്‍ നേരത്തേയും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ സമയം വീട്ടില്‍ പിതാവ് പൗലോസ്, അമ്മ ലിസി എന്നിവരാണ് ഉണ്ടായിരുന്നത്.

കേസിന്റെ വിചാരണയ്ക്കിടെ പൗലോസും മാതൃസഹോദരന്‍ ഷാജിയും മരണപ്പെട്ടു. ഇതോടെ അമ്മ ലിസിയും സഹോദരഭാര്യയും കൂറുമാറി. സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കൂറുമാറിയ സാക്ഷികളുടെ മൊഴികള്‍ വിശ്വസനീയമല്ലെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്.അഭിലാഷ് ഹാജരായി.

Tags:    

Similar News