ലഹരി വേട്ടയ്ക്കിറങ്ങിയ പോലിസിനു നേരെ ആക്രമണം; കാറിടിച്ച് എസ്.ഐക്ക് പരിക്ക്: എംഡിഎംഎയുമായി കടന്ന പ്രതി കറുകച്ചാലില്‍ അറസ്റ്റില്‍

ലഹരി വേട്ടയ്ക്കിറങ്ങിയ പോലിസിനു നേരെ ആക്രമണം; എസ്.ഐക്ക് പരിക്ക്:

Update: 2025-03-26 00:49 GMT

പാലക്കാട്: ലഹരിവേട്ടയ്ക്കിറങ്ങിയ പൊലീസിനെ കാറിടിച്ചു പരുക്കേല്‍പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ കോട്ടയം കറുകച്ചാലില്‍ നിന്നും പൊലീസ് പിടികൂടി. കണ്ണമ്പ്ര ചുണ്ണാമ്പുതറ പൂളയ്ക്കല്‍പറമ്പ് പ്രതുലിനെയാണ് (20) എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തത്. പോലിസിനെ കണ്ട പ്രതുല്‍ എസ്.ഐയെ കാറിടിപ്പിച്ച് വീഴ്ത്തി ശേഷം സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞെങ്കിലും കോട്ടയത്ത് നിന്നും പിടികൂടുക ആയിരുന്നു.

വടക്കഞ്ചേരി സ്റ്റേഷനിലെ എഎസ്‌ഐ കാവശ്ശേരി പത്തനാപുരം ചേറുംകോട് പെരിയകുളം ഉവൈസിനെ (46) ആണ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടോടെ ദേശീയപാതയിലെ ചെമ്മണാംകുന്നിലാണ് സംഭവം. പ്രതുല്‍ ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ്. സ്ഥലത്ത് ലഹരിവില്‍പന നടക്കുന്നതായി അറിഞ്ഞാണ് ഉവൈസും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ റിനു മോഹന്‍, ലൈജു, ബ്ലെസ്സന്‍ ജോസഫ്, അബ്ദുല്‍ ജലാല്‍, സിവില്‍ പൊലീസ് ഓഫിസര്‍ റിയാസുദ്ദീന്‍ എന്നിവര്‍ മൂന്ന് ബൈക്കുകളിലായി പരിശോധനയ്ക്കു പോയത്.

പ്രതുല്‍ പോലിസിന് മുന്നില്‍ വന്നു പെട്ടു, കാറില്‍ പ്രതിയെ കണ്ട പൊലീസ് ഇറങ്ങാന്‍ പറയുന്നതിനിടെ കാര്‍ പെട്ടെന്നു മുന്നോട്ടെടുക്കുകയായിരുന്നു. കാറിനു മുന്‍പില്‍ ബൈക്കിലുണ്ടായിരുന്ന ഉവൈസിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നു കളഞ്ഞു. എസ്‌ഐ മധു ബാലകൃഷ്ണനും സംഘവും പിന്തുടര്‍ന്നെങ്കിലും പിടിക്കാനായില്ല. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്കിടെയാണു പ്രതുലിനെ കറുകച്ചാലില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്.

എഎസ്‌ഐ ഉവൈസിന്റെ കാലിനു സാരമായി പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന ലൈജുവിനു നിസ്സാര പരുക്കുണ്ട്. കണ്ണമ്പ്ര മേഖലയില്‍ സ്ഥിരമായി ലഹരി വില്‍പന നടത്തുന്ന ആളാണു പ്രതിയെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു.

Tags:    

Similar News