പൊതുസ്ഥലത്തെ കൊടി അഴിച്ചതിന് സിഐടിയു നേതാവ് മര്‍ദിച്ചു: മര്‍ദനമേറ്റത് ഹൈക്കോടതി നിര്‍ദേശം പാലിക്കാനെത്തിയ തൊഴിലാളിക്ക്: പോലീസില്‍ പരാതി നല്‍കി പത്തനംതിട്ട നഗരസഭ സെക്രട്ടറി
പൊതുസ്ഥലത്തെ കൊടി അഴിച്ചതിന് സിഐടിയു നേതാവ് മര്‍ദിച്ചു
പത്തനംതിട്ട: പൊതുസ്ഥലത്തെ കൊടിതോരണങ്ങള്‍ നീക്കം ചെയ്തു കൊണ്ടിരുന്ന സിഐടിയു യൂണിയനില്‍പ്പെട്ട ശുചീകരണ തൊഴിലാളിയെ സിഐടിയു നേതാവ് മര്‍ദിച്ചു. അഴിച്ചു മാറ്റിയ കൊടി തിരികെ വയ്പിച്ചു. മര്‍ദനമേറ്റ തൊഴിലാളി ആശുപത്രിയില്‍ ചികില്‍സ തേടി. ഇദ്ദേഹം നല്‍കിയ പരാതി നഗരസഭ സെക്രട്ടറി പോലീസിന് കൈമാറി. ഇന്ന് ഉച്ചയ്ക്ക് ശേഷം ടൗണ്‍ സ്‌ക്വയറില്‍ വച്ച് കേശവന്‍ എന്ന ശുചീകരണ വിഭാഗം തൊഴിലാളിയെ മല്‍സ്യ തൊഴിലാളി ബോര്‍ഡ് അംഗവും സി.ഐ.ടി.യു നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ സക്കീര്‍ അലങ്കാരത്താണ് മര്‍ദിച്ചത്.
ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭ സെക്രട്ടറി നിയോഗിച്ചത് അനുസരിച്ച് പൊതുസ്ഥലത്ത് കെട്ടിയ കൊടിതോരണങ്ങള്‍ നീക്കം ചെയ്യാനെത്തിയതായിരുന്നു നഗരസഭ ജീവനക്കാരനായ കേശവനും കുഞ്ഞുമോനും മറ്റുള്ളവരും. കേശവനും കുഞ്ഞുമോനും ചേര്‍ന്ന് ടൗണ്‍ സ്‌ക്വയറില്‍ കെട്ടിയിരുന്ന കൊടി തോരണങ്ങള്‍ അഴിച്ചു നീക്കുമ്പോഴായിരുന്നു സംഭവം.
ടൗണ്‍ സ്‌ക്വയറില്‍ സി.ഐ.ടി.യുവിന്റെ ജില്ലാ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിന്റെ ഉദ്ഘാടനവുമായി സംസ്ഥാന സെക്രട്ടറി എളമരം കരിം പങ്കെടുക്കുന്ന യോഗമുണ്ടായിരുന്നു. അതിന് വേണ്ടി സ്ഥാപിച്ചിരുന്ന കൊടികളാണ് അഴിച്ചു നീക്കിയത്. അവിടെയുണ്ടായിരുന്ന സക്കീര്‍ അലങ്കാരത്ത് കേശവന്റെ തലയില്‍ മര്‍ദിക്കുകയും അഴിച്ച കൊടി തിരികെ കെട്ടിക്കുകയുമായിരുന്നു. മുന്‍പ് നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ കൈവെട്ടുമെന്ന് നഗരസഭ ഓഫീസില്‍ കയറി ഭീഷണി മുഴക്കിയ ആളാണ് സക്കീര്‍ അലങ്കാരത്ത്. അന്ന് ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തെങ്കിലും സിപിഎം സമ്മര്‍ദം കാരണം അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിരുന്നില്ല. സിപിഎമ്മാണ് പത്തനംതിട്ട നഗരസഭ ഭരിക്കുന്നത്.