ചാലക്കുടിയില്‍ പുലിയെ പിടികൂടാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍; തിങ്കളാഴ്ച ജനകീയ തിരച്ചില്‍

ചാലക്കുടിയില്‍ പുലിയെ പിടികൂടാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍; തിങ്കളാഴ്ച ജനകീയ തിരച്ചില്‍

Update: 2025-03-29 14:39 GMT


തൃശൂര്‍: ചാലക്കുടിയില്‍ പുലിയെ കണ്ട സംഭവത്തില്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി കെ രാജന്‍. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പ്രദേശത്ത് ഒരേ സമയം കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്ന്യസിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇന്ന് രാത്രി തന്നെ പുലിയുടെ സാന്നിധ്യം കണ്ടെത്താന്‍ തിരച്ചില്‍ നടത്തണമെന്നും പുലിയുടെ സഞ്ചാര ദിശ നോക്കി കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കണമെന്നും യോഗത്തില്‍ മന്ത്രി ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കി.

പുലിയെ പിടികൂടുന്നതില്‍ ഉടന്‍ തന്നെ ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ജില്ല കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും മന്ത്രി ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കി. കൂടാതെ പ്രദേശത്ത് കൂടുതല്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാനും തിങ്കളാഴ്ച ജനകീയ തിരച്ചില്‍ നടത്താനും യോഗം നിര്‍ദേശിച്ചു. ആര്‍ആര്‍ടി സംഘടനകളെ കൂടുതല്‍ വേണമെങ്കില്‍ ഉള്‍പ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.

ചാലക്കുടിയില്‍ 24 മണിക്കൂര്‍ സജ്ജമായ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പുലിയെ കണ്ടാല്‍ ഉടന്‍ 9188407529 എന്ന നമ്പറിലേക്ക് വിളിച്ചു വിവരം അറിയിക്കാനും ഡിഎഫ്ഒ അറിയിച്ചു. രാമനിലയം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എഡിഎം ടി മുരളി, ചാലക്കുടി ഡിഎഫ്ഒ എം വെങ്കടേശ്വരന്‍, വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍ ലക്ഷ്മി, ആര്‍എഫ്ഒ ഉദ്യോഗസ്ഥര്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്‍ഠരു മഠത്തില്‍, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഫ്രാന്‍സിസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News