ചൂടിന് ആശ്വാസം തരാന്‍ വീണ്ടും മഴ എത്തുന്നു; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 3-ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഏപ്രിൽ 4-ന് എറണാകുളം, തൃശൂർ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണു പ്രവചനം.
ഇന്നും നാളെയും സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഈ സമയത്ത് തടസ്സമില്ലെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് അളവിനു മീതെയായ അൾട്രാവയലറ്റ് കിരണതീവ്രതയും (UV Index) രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ UV സൂചിക ഓറഞ്ച് തലത്തിൽ എത്തി. 8 മുതൽ 10 വരെ UV ഇൻഡെക്‌സ് രേഖപ്പെടുത്തുന്ന സാഹചര്യമാണ് ഇത് സൂചിപ്പിക്കുന്നത്.
ഉച്ചവേളകളിൽ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. സൂര്യാതപം, ത്വക്ക് പ്രശ്നങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ടായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും പ്രത്യേകിച്ചും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നേരിട്ട് കാഠിന്യമേറിയ സൂര്യപ്രകാശം ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.