സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതില്‍ തകര്‍ത്ത് കിണറ്റില്‍ വീണു; അച്ഛനും മകനും മരിച്ചു

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതില്‍ തകര്‍ത്ത് കിണറ്റില്‍ വീണു; അച്ഛനും മകനും മരിച്ചു

Update: 2025-04-01 03:44 GMT

വളാഞ്ചേരി: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മതില്‍ തകര്‍ത്ത് കിണറ്റില്‍വീണ് അച്ഛനും മകനും മരിച്ചു. മാറാക്കര എയുപി സ്‌കൂളിനു സമീപം താമസിക്കുന്ന കുന്നത്തുംപടിയന്‍ ഹുസൈന്‍ (65), മകന്‍ ഹാരിസ്ബാബു (32) എന്നിവരാണു മരിച്ചത്. റോഡരികിലെ മതില്‍ ഇടിച്ചുതകര്‍ത്താണ് സ്‌കൂട്ടര്‍ കിണറ്റില്‍ വീണത്. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും പോലീസും ചേര്‍ന്ന് ഇരുവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്ത് കോട്ടയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. ഹാരിസ്ബാബുവാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഏര്‍ക്കര ജുമാസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത് ഹുസൈനും മകനും മാറാക്കര എന്‍ഒസി പടിയില്‍ സഹോദരന്‍ ആലിക്കുട്ടിയുടെ വീട്ടിലുള്ള ഉമ്മ കദീജയെ കാണാനായാണ് ഇവിടേക്കു വന്നത്. കദീജയെ കണ്ട് പെരുന്നാള്‍ സ്‌നേഹവും പങ്കിട്ട് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മാറാക്കര എന്‍ഒസി പടി-കീഴ്മുറി റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങിവന്ന സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കരുവത്ത് സുരേന്ദ്രന്റെ വീടിന്റെ അടുക്കളഭാഗത്ത് ചെങ്കല്ലുകൊണ്ട് നിര്‍മിച്ച മതിലില്‍ സ്‌കൂട്ടര്‍ ഇടിച്ചു. മതില്‍ തകര്‍ത്ത സ്‌കൂട്ടര്‍ മതിലിനോടുചേര്‍ന്നുള്ള കിണറിന്റെ ആള്‍മറയിലും ഇടിച്ചശേഷമാണ് കിണറ്റിലേക്കു വീണത്. ഇരുവരുടേയും ദേഹത്തേക്കാണ് സ്‌കൂട്ടര്‍ പതിച്ചത്.

ഹുസൈനും ഹാരിസ്ബാബുവും ഒരേ വീട്ടിലാണു താമസം. കദീജയാണ് ഹുസൈന്റെ ഭാര്യ. ഹാരിസ് ബാബുവിനെക്കൂടാതെ മുസ്തഫ (ഗള്‍ഫ്), സുബൈദ, നാസര്‍, കുഞ്ഞിമുഹമ്മദ് എന്നിവരും മക്കളാണ്. മരുമക്കള്‍: റഷീദ, അബൂബക്കര്‍, ജംഷീന, അലീമ.

കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സുരക്ഷാജീവനക്കാരനാണ് ഹാരിസ്ബാബു. ഭാര്യ: ഹസീന. മകന്‍: ഹനാന്‍. മൃതദേഹങ്ങള്‍ തിരൂര്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. രാത്രി മാറാക്കര ഏര്‍ക്കര ജുമാമസ്ജിദ് കബറിസ്താനില്‍ കബറടക്കി.

Tags:    

Similar News