ബ്ലൈന്‍ഡ് ഫുട്‌ബോള്‍ സൗത്ത് വെസ്റ്റ് സോണല്‍ ചാമ്പ്യന്‍ഷിപ്പ്; നേട്ടങ്ങള്‍ കൊയ്ത് കേരളാ പുരുഷ-വനിതാ ടീമുകള്‍; പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും
ബ്ലൈന്‍ഡ് ഫുട്‌ബോള്‍ സൗത്ത് വെസ്റ്റ് സോണല്‍ ചാമ്പ്യന്‍ഷിപ്പ്; നേട്ടങ്ങള്‍ കൊയ്ത് കേരളാ പുരുഷ-വനിതാ ടീമുകള്‍
അഹമ്മദാബാദ് : ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച പുരുഷ വനിതാ സൗത്ത് വെസ്റ്റ് സോണല്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കി കേരളാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം. പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തില്‍ മൂന്നാം സ്ഥാനവുമാണ് സംസ്ഥാനത്തിന്റെ നേട്ടം.
അഹമ്മദാബാദ്, കിംഗ് ടര്‍ഫ് ഗ്രൗണ്ടില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനോട് പെനാല്‍റ്റിയില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളാ പുരുഷ ടീം പരാജയപ്പെട്ടത്. ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയതോടെ ഈ വര്‍ഷാവസാനം ഉത്തരാഖണ്ഡില്‍ നടക്കുന്ന നാഷണല്‍ ചാംപ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടാനും പുരുഷ ടീമിനായി.
ലീഗ് റൗണ്ടില്‍ മൂന്ന് പോയിന്റ് നേടിയാണ് വനിതാ ടീം മൂന്നാം സ്ഥാനം നേടിയത്. കേരളത്തിന്റെ സുജിത് പി. എസ്. മികച്ച ഗോള്‍കീപ്പറായും, അഖില്‍ ലാല്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുമായി തിരഞ്ഞെടുക്കപ്പെട്ടു. ഹെഡ് കോച്ച് സീന സി വി , സുജിത് പി എസ്, ടീം കോഓര്‍ഡിനേറ്റര്‍മാരായ ശുഹൈബ്, മറിയാമ്മ, എന്നിവരുടെ നേതൃത്വത്തില്‍ ത്രീ ടു വണ്‍ ഫൗണ്ടേഷന്റെ സഹകരത്തോടെയാണ് കേരളാ ടീം ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സഹായിച്ച എസ്.ആര്‍.വി.സി, ലെഗ്രാസിയേ നിലമ്പൂര്‍, വോയേജ്ഗ്രാം, എഫ് ക്യുബ് റിതാന്‍, ഹിഡന്‍ വോയിസസ് റേ ഓഫ് ഹോപ്പ്, ദര്‍ശന ക്ലബ് തൃശൂര്‍ എന്നീ സംഘടനകളെ കേരളാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അഭിനന്ദിച്ചു. ഏപ്രില്‍ 3-ന് കേരളാ ടീം തിരിച്ചെത്തും.