അളവിലും തൂക്കത്തിലും തട്ടിപ്പ് കൂടുന്നു; ആറു വര്‍ഷത്തിനിടെ പിഴയായി ഈടാക്കിയത് 300 കോടി രൂപ

അളവിലും തൂക്കത്തിലും തട്ടിപ്പ് കൂടുന്നു; ആറു വര്‍ഷത്തിനിടെ പിഴയായി ഈടാക്കിയത് 300 കോടി രൂപ

Update: 2025-04-07 02:32 GMT

ആലപ്പുഴ: സംസ്ഥാനത്ത് ഉപഭോക്താക്കളെ അളവിലും തൂക്കത്തിലും പറ്റിക്കുന്ന പ്രവണത കൂടുന്നു. ഓരോവര്‍ഷവും ഇതുസംബന്ധിച്ച് പിടിക്കുന്ന കേസുകള്‍ കൂടി വരികയാണ്. ലീഗല്‍ മെട്രോളജി വകുപ്പ് കുറ്റക്കാരില്‍നിന്ന് ആറു വര്‍ഷത്തിനിടെ പിഴയായി ഈടാക്കിയത് 300 കോടിയോളം രൂപയാണ്.

അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര വെക്കാതിരിക്കല്‍, കാണിച്ചിരിക്കുന്ന അളവിലുള്ള ഉത്പന്നം പാക്കറ്റില്‍ ഇല്ലാതിരിക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ ക്രമക്കേട്. പെട്രോള്‍ പമ്പുകളിലെ മീറ്ററില്‍ കൃത്രിമം കാട്ടല്‍, പലചരക്ക്, പച്ചക്കറി, മീന്‍ എന്നിവയുടെ തൂക്കത്തിലെ വെട്ടിപ്പ്, പാചകവാതകത്തിലെ അളവുകുറവ്, വേ ബ്രിഡ്ജിലെ ക്രമക്കേട്, ഓട്ടോ-ടാക്‌സി മീറ്ററുകളിലെ തട്ടിപ്പ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍ ക്രമക്കേട് പാക്കറ്റ് ഉത്പന്നങ്ങളിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്പന്നം പാക്കുചെയ്ത തീയതി, കസ്റ്റമര്‍ കെയര്‍ നമ്പര്‍, സ്ഥാപനത്തിന്റെ വ്യക്തമായ മേല്‍വിലാസം എന്നീ വിവരം പലപ്പോഴും പാക്കറ്റുകളില്‍ കാണാറില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ഹാര്‍ഡ്‌വേര്‍ ഉത്പന്നങ്ങളിലുംമറ്റും ഇത് കൂടുതലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ക്രമക്കേടു കണ്ടെത്താന്‍ 2024-25 സാമ്പത്തികവര്‍ഷം 20,636 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 2,026 കേസെടുത്തു. 56.97 കോടി രൂപയാണ് പിഴയീടാക്കിയത്.

Tags:    

Similar News