കല്യാണ വീട്ടില്‍ നിന്നും മടങ്ങിയത് ഗൂഗിള്‍ മാപ്പിട്ട്; രാത്രിയില്‍ അധ്യാപകര്‍ ചെന്ന് പെട്ടത് നിലമ്പൂര്‍ ഉള്‍വനത്തില്‍: കാര്‍ ചെളിയില്‍ കുടുങ്ങിയതോടെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്‌സ് എത്തി

കല്യാണ വീട്ടില്‍ നിന്നും മടങ്ങിയത് ഗൂഗിള്‍ മാപ്പിട്ട്; അധ്യാപകര്‍ ചെന്ന് പെട്ടത് നിലമ്പൂര്‍ ഉള്‍വനത്തില്‍

Update: 2025-04-07 03:59 GMT

നിലമ്പൂര്‍: കല്യാണ വീട്ടില്‍ നിന്നും മടങ്ങും വഴി ഗൂഗിള്‍ മാപ്പിട്ട് യാത്ര ചെയ്ത അധ്യാപകര്‍ വഴിതെറ്റി ചെന്നെത്തിയത് നിലമ്പൂര്‍ കരിമ്പുഴ ഉള്‍വനത്തില്‍. രാത്രിയില്‍ കനത്ത മഴ പെയ്തതോടെ കാര്‍ ചെളിയില്‍ കുടുങ്ങുകയും ചെയ്തു. ഇതോടെ അധ്യാപകരെ രക്ഷിക്കാന്‍ ഫയര്‍ ഫോഴ്‌സ് എത്തി. നിലമ്പൂരില്‍ നിന്നും സുഹൃത്തിന്റെ കല്ല്യാണം കഴിഞ്ഞ് വയനാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.

വഴി തെറ്റിയതിന് പുറമേ കനത്ത മഴയില്‍ കാര്‍ ചെളിയില്‍ പുതഞ്ഞതോടെ പുറത്തുകടക്കാന്‍ വഴിയില്ലാതാവുകയും ചെയ്തതോടെയാണ് അധ്യാപകര്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്. സുഹൃത്തിന്റെ കല്യാണം കഴിഞ്ഞ് രാത്രിയോടെ മടങ്ങുകയായിരുന്നു വയനാട്ടിലെ കോളജിലെ അഞ്ച് അധ്യാപകര്‍. ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയിലൂടെ കൈപ്പിനി-അകംപാടം വഴിയാണ് ഇവര്‍ സഞ്ചരിച്ചത്. എന്നാല്‍, വഴിതെറ്റി കരിമ്പുഴ വനത്തിനുള്ളിലൂടെയായി സഞ്ചാരം.

രാത്രിയായതോടെ ശക്തമായ മഴയും പെയ്തു. വഴിയിലെ ചെളിയില്‍ കാറിന്റെ ടയര്‍ പുതഞ്ഞതോടെ പുറത്തുകടക്കാന്‍ വഴിയില്ലാതായി. വന്യമൃഗങ്ങളുള്ള വനത്തില്‍ കുടുങ്ങിയ സംഘം നിലമ്പൂര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി അധ്യാപകരെയും വാഹനത്തെയും പുറത്തെത്തിക്കുകയായിരുന്നു. ചെളിയില്‍ പൂണ്ട കാര്‍ കെട്ടിവലിച്ചാണ് പുറത്തെടുത്തത്.

Tags:    

Similar News