നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ഇത്തവണ 59 പുതിയ പോളിംഗ് ബൂത്തുകള്‍
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ഇത്തവണ 59 പുതിയ പോളിംഗ് ബൂത്തുകള്‍
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ഇത്തവണ ഒരുക്കുന്നത് 59 പുതിയ പോളിംഗ് ബൂത്തുകള്‍. ഇത് ഉള്‍പ്പെടെ ആകെ 263 പോളിംഗ് ബൂത്തുകളാണ് സജീകരിക്കുക. വോട്ടര്‍മാരെ ക്രമം തെറ്റാതെ പുതിയ ബൂത്തിലേക്ക് ക്രമീകരിക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിക്കും.
എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതാണ്. പുതിയ പോളിംഗ് ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അറിയിച്ചു.
വോട്ടര്‍മാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുവാന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. സമ്മതിദായകരുടെ എണ്ണം കൂടുതലുള്ള ബൂത്തുകള്‍ക്ക് മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി ആക്‌സിലറി ബൂത്തുകള്‍ക്ക് പകരം പുതിയതായി സ്ഥിരം പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കേണ്ടത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തിരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിപൂര്‍ണമായി പാലിച്ചുകൊണ്ട് പുതിയ പോളിംഗ് ബൂത്തുകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസല്‍ കമിഷന് സമര്‍പ്പിച്ചിരുന്നു. നിയമസഭാ, ജില്ലാ തലങ്ങളില്‍ രാഷ്ട്രീയ കഷികളുടെ യോഗം കൂടിയ ശേഷം പ്രസ്തുത യോഗത്തിന്റെ നടപടിക്കുറിപ്പ് സഹിതമാണ് പ്രൊപ്പോസല്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചത്. ആ നിര്‍ദേശം കമീഷന്‍ അംഗീകരിച്ചാണ് തീരുമാനം.