പൊതു ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന ഭൂമിയെയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയെയും ചെറിയതോതിലുള്ള തരംമാറ്റത്തെയും വെവ്വേറെ കാണണം; ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം : മുഖ്യമന്ത്രി

Update: 2025-04-07 17:47 GMT

തിരുവനന്തപുരം: 2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടര്‍ന്നുള്ള ചട്ടങ്ങളില്‍ കൊണ്ടുവരേണ്ട ഭേദഗതി എത്രയും വേഗം നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. പൊതു ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന ഭൂമിയെയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയെയും ചെറിയതോതിലുള്ള തരംമാറ്റത്തെയും വെവ്വേറെ കാണണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു മന്ത്രി കെ രാജന്‍, നിയമ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, നിയമ സെക്രട്ടറി കെ ജി സനല്‍ കുമാര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ കൗശികന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Similar News