എരുമേലി അയ്യപ്പന്‍ കാവിലെ വാപുരന്‍ സ്വാമി ക്ഷേത്രം നിര്‍മ്മിക്കാന്‍ വിഎച്ച്പി; പ്രതിഷ്ഠ വീണ്ടും നടത്തുന്നത് ഉചിതമായ തീരുമാനമെന്ന് മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമി

Update: 2025-04-07 15:17 GMT

കോട്ടയം: നൂറ്റാണ്ടുകളുടെ പഴക്കമുള്ള എരുമേലി അയ്യപ്പന്‍കാവിനോട് ചേര്‍ന്ന് 'വാപുരന്‍' ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ഹൈന്ദവ സംഘടനകള്‍. പുതുതായി ഉയരുന്ന വാപുരന്‍ ക്ഷ്രേത്രത്തിലുടെ ഹൈന്ദവ നവോത്ഥാനത്തിന് തുടക്കമാകട്ടെയെന്ന് മഹാമണ്ഡലേശ്വര്‍ ആനന്ദവനം സ്വാമി പറഞ്ഞു. എരുമേലിയില്‍ ശ്രീഭൂതനാഥ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തില്‍ പങ്കെടുക്കുകയായിരുന്നു സ്വാമി. ഏറെ വര്‍ഷക്കാലമായി അറിയാതെ കിടന്നിരുന്ന വാപുരന്‍ സ്വാമിയുടെ പ്രതിഷ്ഠ വീണ്ടും നടത്തുന്നത് ഉചിതമായ തീരുമാനം തന്നെയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികള്‍ വരുമെങ്കിലും അവയൊക്കെ തരണം ചെയ്ത് മുന്നോട്ട് പോകുന്നതിന് കഴിയട്ടെയെന്നും വേദിയിലെത്തിയ അദ്ദേഹം പറഞ്ഞു. ദേവപ്രശ്നം നടക്കുന്ന അയ്യപ്പന്‍ കാവിലേയ്ക്ക് പേട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും പൂര്‍ണ്ണ കുംഭം നല്‍കി സ്വാമിയെ സ്വീകരിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ദൈവഞ്ജന്‍ പത്മനാഭ ശര്‍മ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്. ഘോഷയാത്രയോടെയാണ് അയ്യപ്പന്‍കാവില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പ്രഭാഷണത്തില്‍ മഹാകുംഭമേളയെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. ക്ഷേത്രം നിര്‍മ്മിക്കാന്‍ നിശ്ചയിച്ച സ്ഥലത്ത് സ്വാമി വൃക്ഷത്തൈ നട്ടു കൊണ്ടായിരുന്നു തുടക്കമായത്.

പേട്ടതുള്ളല്‍ പാതയില്‍ അയ്യപ്പന്‍കാവിലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് അഷ്ടമംഗല ദേവപ്രശ്നത്തിലൂടെയാണ് തെളിഞ്ഞത്. അഷ്ടമംഗല ദേവപ്രശ്നം ഞായറാഴ്ച്ച രാവിലെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശബരിമലയില്‍ മൂന്ന് തവണ ദേവപ്രശ്‌നം നടത്തിയിട്ടുള്ള പത്മനാഭ ശര്‍മ്മയായിരുന്നു ദൈവഞ്ജന്‍. പ്രശ്സ്തരായ മറ്റ് ജ്യോതിഷികള്‍ പങ്കെടുത്തു. പുരാണകഥകളില്‍ അയ്യപ്പന്റെ സേവകനായ വാപുരനായി ആലയം എരുമേലിയില്‍ നിര്‍മ്മിക്കുന്നത് ഭക്തജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. ഭൂമി ലഭിച്ച സ്ഥലത്ത് ദേവചൈതന്യം നിലനില്‍ക്കുന്നതായും ദേശാധിപനായ അയ്യപ്പന്റെ ഹിതമറിഞ്ഞ് നാടിന്റെ ഐശ്വര്യത്തിനായി ക്ഷേത്രം നിര്‍മ്മിക്കണമെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞു. ചടങ്ങുകള്‍ക്ക് ശേഷം ദൈവഹിതം അറിയുന്നതിനായി സ്വര്‍ണ്ണ പ്രശ്നം നടത്തി. ദേവന്റെ പ്രതിനിധിയായി തെരഞ്ഞെടുത്ത ബാലികയാണ് സ്വര്‍ണ്ണ രാശി വച്ചത്.

സര്‍പ്പക്കാവായിരുന്ന അയ്യപ്പന്‍കാവില്‍ പുനരുജ്ജീവിപ്പിക്കണമെന്നും തെളിഞ്ഞു. ദോഷങ്ങള്‍ മൂലം അനര്‍ത്ഥങ്ങള്‍ പലതും സംഭവിച്ചിരുന്നു. ഇതോടെയാണ് അഷ്ടമംഗല ദേവപ്രശ്നം വയ്ക്കുന്നതിന് തീരുമാനിച്ചത്. സര്‍പ്പക്കാവ് ഉള്‍പ്പെടെ കൈവശമുണ്ടായിരുന്ന ഭൂമി ഉടമകളില്‍ നിന്നും കൈമാറുകയും മറ്റൊരാളുടെ കൈയിലെത്തിയ ഭൂമി പിന്നീട് ബാങ്ക് പിടിച്ചെടുത്ത് ലേലത്തില്‍ വച്ചു. ഒരു നിയോഗം പോലെ ഭൂമി ട്രസ്റ്റിന്റെ കൈകളില്‍ എത്തുകയായിരുന്നു. സര്‍പ്പക്കാവില്‍ നിത്യപൂജ നടത്തണമെന്ന് ഭക്തജനങ്ങളുടെ ആവശ്യപ്രകാരം അഷ്ടമംഗല ദേവപ്രശ്നം നടത്തി. ദേവപ്രശ്നത്തില്‍ ശിവന്റെ ഭൂതഗണമായ വാപുരന്‍ സാന്നിധ്യം തെളിഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട 18 മലകളില്‍ ഒന്നായ തലപ്പാറമല കാലക്രമേണ ക്ഷയിച്ച് ചൈതന്യം നഷ്ടമായതായി ദേവപ്രശ്നത്തില്‍ തെളിഞ്ഞിരുന്നു. തലപ്പാറമല ഉള്‍പ്പെടെയുള്ള ചൈതന്യം ക്ഷേത്ര സമുച്ചയത്തില്‍ എത്തിക്കാനാകും. സമീപമുള്ള സര്‍പ്പക്കാവില്‍ പൂജകള്‍ മുടങ്ങാതെ നടത്തുന്നതോടെ അനര്‍ത്ഥ സംഭവങ്ങളും ഒഴിവാകും. അയ്യപ്പന്റെ സുഹൃത്തും പോരാളിയുമായ വാപുരന് ഇരിപ്പിടം സേവ്യ സേവക ഭാവത്തില്‍ പേട്ടതുള്ളല്‍ പാതയില്‍ ഒരുങ്ങുന്നതോടെ ഭക്തജനങ്ങളും സന്തോഷത്തിലാണ്. ആയുധമേന്തിയ വീരന്റെ ഭാവത്തിലായിരിക്കും പ്രതിഷ്ഠയുണ്ടാവേണ്ടതെന്നും ദേവപ്രശ്നത്തില്‍ തീരുമാനിച്ചു. സന്യാസിമാര്‍, ഹൈന്ദവ ആചാര്യന്‍മാര്‍, ജ്യോതിഷ പണ്ഡിതര്‍, നേതാക്കള്‍ എന്നിവര്‍ അഷ്ടമംഗല ദേവപ്രശ്ന ചടങ്ങില്‍ പങ്കെടുത്തു.

Similar News