വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചെന്നാരോപണം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് കോട്ടയം സ്വദേശി ബിന്‍സി ജോസഫിനെതിരെ

മതംമാറ്റശ്രമം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

Update: 2025-04-09 00:25 GMT

ന്യൂഡല്‍ഹി: വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ കേസെടുത്തു. കോട്ടയം സ്വദേശി ബിന്‍സി ജോസഫിനെതിരെയാണു നിര്‍ബന്ധിത മതംമാറ്റമാരോപിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ജാഷ്പുര്‍ ജില്ലയിലെ കുങ്കുരി ടൗണിലെ ഹോളിക്രോസ് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലായ ബിന്‍സി മതംമാറാന്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം.

ഭാരതീയ ന്യായ് സംഹിതയിലെ 299, 351 വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കില്ലാത്ത വകുപ്പാണിത്. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് സിസ്റ്റര്‍ ബിന്‍സി ജോസഫ് പറഞ്ഞു. അവസാനവര്‍ഷ വിദ്യാര്‍ഥിയായ പരാതിക്കാരി ജനുവരി മുതല്‍ പഠനത്തില്‍നിന്നും ഹോസ്പിറ്റല്‍ ജോലികളില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.

ആവശ്യമായ ഹാജര്‍ ഇല്ലാത്തതിനാല്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ച് കോളജില്‍നിന്നു നോട്ടിസ് നല്‍കിയിരുന്നു. ഈ ഘട്ടത്തിലാണു പെണ്‍കുട്ടി ജില്ലാ കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും, തന്നെ ക്രിസ്തുമതത്തിലേക്കു മാറ്റാന്‍ പ്രിന്‍സിപ്പല്‍ ബിന്‍സി സമ്മര്‍ദം ചെലുത്തുന്നുവെന്നാരോപിച്ച് ഈ മാസം 2നു പരാതി നല്‍കിയതെന്നു കോളജ് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News