പാതിവില തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ട നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ആനന്ദകുമാര്‍ ജയിലില്‍ തുടരണം

Update: 2025-04-09 07:22 GMT

കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ട നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍. ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തട്ടിപ്പു പദ്ധതിയുടെ പരിപാടികളിലടക്കം നിരന്തരം പങ്കെടുത്തിരുന്നല്ലോ എന്ന് വാദത്തിന്റെ വേളയില്‍ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ചോദിച്ചിരുന്നു. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലായി റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ അനന്തു കൃഷ്ണനും ആനന്ദ കുമാറുമാണ് പ്രധാന പ്രതികള്‍. ജാമ്യം തള്ളിയതിന്റെ വിശദ ഉത്തരവ് പുറത്തു വന്നിട്ടില്ല.

ഇരുചക്ര വാഹനം പാതിവിലയ്ക്ക് നല്‍കാനുള്ള പദ്ധതിക്ക് ഉള്‍പ്പെടെ അനുമതി നല്‍കിക്കൊണ്ട് 2024 ഫെബ്രുവരിയില്‍ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ റജിസ്റ്റര്‍ ചെയ്തിരുന്നല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇരുചക്ര വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അനന്തു കൃഷ്ണനെ ഏല്‍പ്പിച്ചു കൊണ്ടുള്ളതായിരുന്നു ഇത്. കോണ്‍ഫെഡറേഷന്റെ ചെയര്‍മാന്‍ ആനന്ദ കുമാറുമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പാതിവില പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി താന്‍ ഒരു രൂപ പോലുമെടുത്തിട്ടില്ലെന്നായിരുന്നു ആനന്ദ കുമാറിന്റെ വാദങ്ങളിലൊന്ന്. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച എല്ലാ പരിപാടികളിലും ആനന്ദ കുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നല്ലോ എന്നായിരുന്നു കോടതി തിരികെ ചോദിച്ചത്.

Tags:    

Similar News