കടലിലെ അനധികൃത മീന്‍പിടിത്തം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാരിന് പിഴയായി ലഭിച്ചത് 4.90 കോടി രൂപ

കടലിലെ അനധികൃത മീന്‍പിടിത്തം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാരിന് പിഴയായി ലഭിച്ചത് 4.90 കോടി രൂപ

Update: 2025-04-10 01:35 GMT

ചാവക്കാട്: കടലിലെ അനധികൃത മീന്‍പിടിത്തങ്ങളില്‍നിന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത് 4.90 കോടി രൂപ. നിയമലംഘനങ്ങളുടെ പിഴയായും പിടികൂടിയ യാനങ്ങളിലെ മീന്‍ വിറ്റതിലൂടെയുമാണ് ഇത്രയും തുക ലഭിച്ചത്. നിയമലംഘനത്തിന് 4.23 കോടി രൂപയും യാനത്തിലെ മീന്‍ ലേലംചെയ്ത് വിറ്റതിലൂടെ 67.57 ലക്ഷം രൂപയും ലഭിച്ചു.

ഏറ്റവും കൂടുതല്‍ തുക പിഴയായി ലഭിച്ചത് തൃശ്ശൂര്‍ ജില്ലയില്‍നിന്നാണ്. 92.89 ലക്ഷം രൂപയാണ് തൃശ്ശൂര്‍ ജില്ലയില്‍നിന്ന് ആകെ ലഭിച്ചത്. ഇതില്‍ 62.61 ലക്ഷം രൂപ പിഴയും 30.28 ലക്ഷം രൂപ മീന്‍ ലേലംചെയ്ത് കിട്ടിയതുമാണ്. ആകെ 577 നിയമലംഘനങ്ങളാണ് ഒന്‍പത് ജില്ലകളിലുമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2.46 കോടി രൂപയാണ് 23-24 വര്‍ഷത്തില്‍ ആകെ ലഭിച്ചത്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമ(കെഎംഎഫ് റെഗുലേഷന്‍ ആക്ട്)പ്രകാരമാണ് ഫിഷറീസ് വകുപ്പിന്റെ പിഴ ചുമത്തല്‍ നടപടി.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ 527 രക്ഷാപ്രവര്‍ത്തനങ്ങളാണ് ഫിഷറീസ്വകുപ്പ് കടലില്‍ നടത്തിയത്. ഇതിലൂടെ 6078 മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനായി. 1142 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയ തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ രക്ഷിച്ചത്. രണ്ടാമതുള്ള ആലപ്പുഴ ജില്ലയില്‍ 979 പേരെയും മൂന്നാമതുള്ള എറണാകുളം ജില്ലയില്‍ 948 തൊഴിലാളികളെയും രക്ഷപ്പെടുത്തി. 49 മരണങ്ങളും ആറുപേരെ കാണാതായ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News