മുടി കൊഴിച്ചിലിന് പിന്നാലെ ബുള്‍ഡാന നിവാസികളുടെ നഖം കൊഴിയുന്നു; ഇതുവരെ കൊഴിഞ്ഞത് 39 പേരുടെ നഖം: അപൂര്‍വരോഗം റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് ഗ്രാമങ്ങളില്‍

മുടി കൊഴിച്ചിലിന് പിന്നാലെ ബുള്‍ഡാന നിവാസികളുടെ നഖം കൊഴിയുന്നു

Update: 2025-04-20 02:34 GMT

മുബൈ: മുടികൊഴിച്ചിലിന് പിന്നാലെ ബുല്‍ഡാനയിലെ ഗ്രാമവാസികളുടെ നഖം കൊഴിയുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ അഞ്ച് ഗ്രാമങ്ങളിലെ 39 പേരുടെ നഖമാണ് കൊഴിഞ്ഞു പോയത്. ഇതോടെ ബുള്‍ഡാനാ നിവാസികളില്‍ ആശങ്ക ശക്തമായിരിക്കുകയാണ്. നഖങ്ങള്‍ക്കു നിറംമാറ്റം വന്ന് പിന്നീട് കൊഴിഞ്ഞുപോകുന്ന സാഹചര്യമാണ് ഇപ്പോള്‍. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ത സാംപിളുകളും മറ്റും ശേഖരിച്ചു. 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ഷെഗാവിലെ ആശുപത്രയിലേക്ക് മാറ്റി.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഷെഗാവ് തെഹ്‌സിലിലെ അഞ്ച് ഗ്രാമങ്ങളിലാണ് അപൂര്‍വരോഗം റിപ്പോര്‍ട്ട് ചെയ്തത്. നഖങ്ങള്‍ വെള്ള നിറത്തിലേക്കും പിന്നീട് കറുപ്പ് നിറത്തിലേക്കും മാറി കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ് ഗ്രാമങ്ങളില്‍ ഉള്ളത്. കഴിഞ്ഞ ഡിസംബറിലാണ് 15 ഗ്രാമങ്ങളില്‍ വ്യാപകമായ മുടികൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉയര്‍ന്ന അളവില്‍ സെലിനിയം അടങ്ങിയ ഗോതമ്പ് കഴിച്ചതാണ് മുടി കൊഴിച്ചിലിന് കാരണമായതെമന്ന് പിന്നീട് കണ്ടെത്തിയിരുന്നു. മനുഷ്യശരീരത്തില്‍ സെലിനിയത്തിന്റെ അളവു കൂടുന്നത് മുടി, നഖം എന്നിവയുടെ കൊഴിച്ചിലിന് കാരണമാകുമെന്നും കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. അമോല്‍ ഗിതെ പറഞ്ഞു.

ഡോക്ടര്‍മാരും ഗവേഷകരും പരിശോധിച്ച് തിരിച്ചുപോകുന്നതിനപ്പുറം രോഗകാരണം കൃത്യമായി പങ്കുവയ്ക്കുകയോ സര്‍ക്കാര്‍ തങ്ങള്‍ക്ക് കാര്യക്ഷമമായ ചികിത്സ നല്‍കുകയോ ചെയ്യുന്നില്ലെന്ന പരാതി ഗ്രാമീണര്‍ പങ്കുവച്ചു. ഉയര്‍ന്ന അളവിലുള്ള സെലിനിയത്തിന്റെ സാന്നിധ്യമാണ് മുടികൊഴിച്ചിലിന് കാരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ വിദഗ്ധ സംഘം നേരത്തേ പറഞ്ഞിരുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച് റേഷന്‍കടകള്‍ വഴി ബുല്‍ഡാനയില്‍ വിതരണം ചെയ്യുന്ന ഗോതമ്പില്‍ വലിയ അളവില്‍ സെലിനിയം അടങ്ങിയിട്ടുണ്ടെന്നും ഇതാണ് മുടികൊഴിച്ചിലിന് കാരണമെന്നും പത്മശ്രീ അവാര്‍ഡ് ജേതാവ് ഡോ. ഹിമന്തറാവു ഭവാസ്‌കറും കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു.

Tags:    

Similar News