സ്ഥിരമായി മയക്കുമരുന്ന് കടത്തല്‍; 25 പേരെ കരുതല്‍ തടങ്കലിലാക്കാന്‍ അപേക്ഷ നല്‍കി എക്‌സൈസ്
സ്ഥിരമായി മയക്കുമരുന്ന് കടത്തല്‍; 25 പേരെ കരുതല്‍ തടങ്കലിലാക്കാന്‍ എക്‌സൈസ്
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നതായി കരുതുന്ന 25 പേരെ കരുതല്‍തടങ്കലിലാക്കാന്‍ എക്‌സൈസ് അപേക്ഷ നല്‍കി. നാലെണ്ണത്തില്‍ ഉടന്‍ ഉത്തരവാകുമെന്നാണ് റിപ്പോര്‍ട്ട്. വിചാരണകൂടാതെ ഇവരെ പരമാവധി രണ്ടുവര്‍ഷംവരെ തടങ്കലില്‍ പാര്‍പ്പിക്കാനാകും. പിറ്റ് എന്‍ഡിപിഎസ് ആക്ട് (പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്- നര്‍ക്കോട്ടിക് ഡ്രഗസ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ്) പ്രകാരമാണ് കരുതല്‍തടങ്കലിലാക്കുന്നത്. ഈ നിയമം കാര്യമായി പ്രയോഗിക്കാത്തതിനാല്‍ ഇതുവരെ ഒരാളെമാത്രമാണ് കരുതല്‍തടങ്കലിലാക്കിയത്.എക്സൈസിന്റെ അപേക്ഷപ്രകാരം ആഭ്യന്തര സെക്രട്ടറി ഇറക്കുന്ന ഉത്തരവ് ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങുന്ന സമിതി പരിശോധിച്ചശേഷമാണ് അന്തിമാനുമതി നല്‍കുന്നത്.
സംസ്ഥാനത്തേക്ക് വന്‍തോതില്‍ ലഹരി കടത്തുന്നുവെന്ന് കരുതുന്ന 65 പേരുടെ പട്ടികയും തയ്യാറായിട്ടുണ്ട്. ഇവരുടെ കൂട്ടാളികളും നിരീക്ഷണത്തിലാണ്. മൊബൈല്‍ഫോണ്‍ വിളികളും യാത്രകളും കൂടിച്ചേരലുകളും പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുവച്ച് ലഹരികൈമാറ്റം നടത്തിയശേഷം മറ്റു സംഘാംഗങ്ങളിലൂടെ ഇവിടേക്ക് ലഹരിയെത്തിക്കുകയാണ് ചെയ്യുന്നത്. പുറമേയുള്ള വന്‍കിടവിതരണക്കാരുമായി ബന്ധം പുലര്‍ത്തുന്നവരെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതരസംസ്ഥാനങ്ങളിലെ പോലീസ്, എക്സൈസ് സേനകളുടെ സഹായത്തോടെ പുറമേയുള്ളവരെ നിരീക്ഷിക്കുന്നുണ്ട്.
ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍പ്പോയ 237 പേരെയും കഴിഞ്ഞദിവസങ്ങളില്‍ പിടികൂടിയിരുന്നു. പരിശോധന ശക്തമാക്കാന്‍ ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ രണ്ടാംഭാഗം തിങ്കളാഴ്ച ആരംഭിക്കും. മൂന്നുമാസത്തിനിടെ 3096 എന്‍ഡിപിഎസ് കേസുകളിലായി 3101 പേരെ അറസ്റ്റ്‌ചെയ്തിരുന്നു.