എനിക്ക് മുണ്ടുടുക്കാനും വേണ്ടി വന്നാല്‍ മടക്കി കുത്താനുമറിയാം; മലയാളം പറയാനുമറിയാം, മലയാളത്തില്‍ തെറി പറയാനും അറിയാം: വി ഡി സതീശന് മറുപടിയുമായി കണ്ണൂരില്‍ രാജീവ് ചന്ദ്രശേഖര്‍
മലയാളം പറയാനുമറിയാം, മലയാളത്തില്‍ തെറി പറയാനും അറിയാം
കണ്ണൂര്‍: വികസിത കേരളം വെറും മുദ്രാവാക്യമല്ല ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ ബിജെപി വികസിത കേരളം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എനിക്ക് കേരളത്തിലെ രാഷ്ട്രീയമറിയില്ലെന്നും മലയാളം അറിയില്ലെന്നുമാണ് കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ്സില്‍ നിന്നോ സിപിഎമ്മില്‍ നിന്നോ എനിക്ക് ഒന്നും പഠിക്കാനില്ല. ഈ കാര്യത്തില്‍ തനിക്ക് പറയാനുള്ളത് രാജ്യത്തെ സേവിച്ച ഒരു സൈനികന്റെ മകനാണ് താനെന്നാണ്. കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ നടത്തുന്നതുപോലെയുളള അഴിമതിയുടേയും പ്രീണനത്തിന്റെയും രാഷ്ട്രീയം തനിക്കറിയില്ല. പഠിക്കാന്‍ ആഗ്രഹവുമില്ല. പ്രിയങ്കയേയും വാദ്രയേയും ഇത് പഠിപ്പിച്ചാല്‍ മതി.
വികസനത്തിന്റെയും നിക്ഷേപത്തിന്റെയും പാഠങ്ങളാണ് താന്‍ കഴിഞ്ഞ അറുപത് വര്‍ഷത്തിനിടെ പഠിച്ചത്. വികസിത സംസ്ഥാനമാക്കാനായി ബിജെപിയെ കേരളത്തില്‍ അധികാരത്തിലെത്തിക്കാന്‍ അവസാന ശ്വാസം വരെ പ്രവര്‍ത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എനിക്ക് മുണ്ടുടുക്കാനും വേണ്ടി വന്നാല്‍ മടക്കി കുത്താനുമറിയാം, മലയാളം പറയാനുമറിയാം. മലയാളത്തിന്‍ തെറി പറയാനും അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസത്തിന് മറുപടിയായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജനാധിപത്യത്തില്‍ ജനങ്ങള്‍ വോട്ട് കൊടുക്കുന്നത് വിശ്വാസത്തിന്റെ പേരിലാണ്. അധികാരം ലഭിച്ച സര്‍ക്കാരുകള്‍ എന്ത് ചെയ്തുവെന്ന് നാം പഠിക്കണം. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം ലോകത്ത് തന്നെ അറിയപ്പെടുകയും സാമ്പത്തികരംഗത്തടക്കം വലിയ മുന്നേറ്റങ്ങളുണ്ടാക്കി. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ കീഴില്‍ വിലക്കയറ്റം, അഴിമതി, ദുര്‍ബലമായ സാമ്പത്തികാവസ്ഥ ഇതാണ് സംസ്ഥാനത്തിന്റെ സ്ഥിതി. ആശാവര്‍ക്കാര്‍മാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശബളം നല്‍കാതെയും പിഎസ്സി റാങ്ക് ലിസ്റ്റിലുളളവര്‍ക്ക് നിയമനം നല്‍കാതെയും ബുദ്ധിമുട്ടിക്കുന്നു. അടിസ്ഥാന വികസനമൊരുക്കുന്ന കാര്യത്തില്‍ വട്ടപൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ പേരിലുളള പദ്ധതികള്‍ പേരുമാറ്റി തങ്ങളുടേതാണെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസാകട്ടെ കുടുംബത്തിനുവേണ്ടി രാജ്യത്തെ നശിപ്പിച്ചു. സംസ്ഥാനത്ത് ജനം മാറ്റം ആഗ്രഹിക്കുന്നു. മോദി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക ശക്തിയാക്കി. ജനങ്ങളോടുളള വാക്കുകളെല്ലാം പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വോട്ടുബാങ്കിനു വേണ്ടി ന്യൂനപക്ഷ പ്രീണനം നടത്തി ബിജെപി ഹിന്ദു പാര്‍ട്ടിയാണെന്ന് കളളക്കഥ പ്രചരിപ്പിക്കുകയായിരുന്നു കേരളത്തില്‍ ഇടതും വലതും. ഇനിയത് നടക്കില്ലെന്നും എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വേണ്ടിയെന്നതാണ് ബിജെപിയുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.പി. അബ്ദുള്ളക്കുട്ടി, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍, എം.ടി. രമേശ്, എസ്. സുരേഷ്, സി. രഘുനാഥ്, കെ. രഞ്ജിത്ത്, എസ്. സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.