കാലിക്കറ്റ് സര്‍വകലാശാലായില്‍ നിയമ വിദ്യാര്‍ത്ഥിനിയുടെ പ്രബന്ധം സ്വീകരിച്ചില്ല; പഠന വകുപ്പിലത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് പെണ്‍കുട്ടിയുടെ പിതാവ്

കാലിക്കറ്റിൽ നിയമവിദ്യാർഥിനിയുടെ പ്രബന്ധം സ്വീകരിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച് പിതാവ്

Update: 2025-04-26 02:18 GMT

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പിലെ അവസാനവര്‍ഷ എല്‍എല്‍എം വിദ്യാര്‍ഥിനി എസ്.എസ്. ഇന്ദുലേഖയുടെ ഡെസര്‍ട്ടേഷന്‍ (പ്രബന്ധം) പഠനവകുപ്പ് സ്വീകരിച്ചില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് പഠനവകുപ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വി. ഷാജിയാണ് സര്‍വകലാശാലയിലെത്തി കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. വ്യക്തിവിരോധം മൂലമാണ് പ്രബന്ധം അധ്യാപകര്‍ സ്വീകരിക്കാത്തതെന്ന് വിദ്യാര്‍ഥിനി ആരോപിച്ചു.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ക്യാമ്പസിലെ പല പ്രശ്‌നങ്ങളും ചോദ്യം ചെയ്തതിനാല്‍ തന്നോട് അധ്യാപകര്‍ക്ക് വിരോധമുണ്ടെന്നും വ്യക്തി വിരോധത്തിന്റെ പേരിലാണ് തന്റെ പ്രബന്ധം സ്വീകരിക്കാത്തതെന്നും വിദ്യാര്‍ത്ഥിനി ആരോപിച്ചു. ക്ലാസുകള്‍ കൃത്യസമയത്ത് തുടങ്ങാത്തതും ലൈബ്രറി സൗകര്യം നല്‍കാത്തതും പെണ്‍കുട്ടികളുടെ പാഡ് കളയാന്‍ സൗകര്യമില്ലാത്തതും പോലുള്ള പ്രശ്‌നങ്ങള്‍ ഇന്ദുലേഖ ചോദ്യംചെയ്തിരുന്നു. ഇതിനുപകരമായി തന്റെ പ്രബന്ധം സ്വീകരിക്കാതെ അധ്യാപകര്‍ മാനസികപീഡനം നടത്തുകയാണെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി.

പ്രബന്ധം പലവട്ടം ഗൈഡ് തിരുത്തിച്ചു. അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ട് താങ്ങാനാകാതെ ഒരിക്കല്‍ തലകറങ്ങി വീണു. പ്രബന്ധം സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ റിജക്ഷന്‍ ലെറ്റര്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം എന്ന നിലയില്‍ കൈ മുറിച്ചതെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് പറഞ്ഞു. ഇദ്ദേഹത്തെ ചേളാരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം വിദ്യാര്‍ത്ഥിനിയുടെ ആരോപണം അധ്യാപകര്‍ തള്ളിക്കളഞ്ഞു. വിദ്യാര്‍ഥിനിയുടെ പ്രബന്ധത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നും പലവട്ടം തിരുത്തലുകള്‍ ചൂണ്ടിക്കാണിച്ചെങ്കിലും മാറ്റിയെഴുതാന്‍ തയ്യാറായില്ലെന്നും ഗൈഡായ അധ്യാപിക ബി.ടി. സൗമ്യ പറഞ്ഞു.

കോപ്പിയടി (പ്ലേജറിസം) ഉണ്ടോ എന്നു നോക്കാന്‍ പ്രബന്ധം സമര്‍പ്പിക്കേണ്ടതിന്റെ തലേന്ന് തിരുത്തലുകള്‍ വരുത്താത്ത പ്രബന്ധമാണ് സമര്‍പ്പിച്ചത്. അതിനാലാണ് ഇത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. തിരുത്തി സമര്‍പ്പിച്ചാല്‍ സ്വീകരിക്കാനുള്ള നടപടികളുണ്ടാകുമെന്നും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥിനിയും പിതാവും പഠനവകുപ്പില്‍ എത്തി ഭീഷണി മുഴക്കിയതായും അധ്യാപകര്‍ ആരോപിച്ചു.

പ്രബന്ധം സര്‍വകലാശാല സ്വീകരിക്കാത്തതും മാനസികപീഡനം നേരിടേണ്ടിവന്നുവെന്നും കാണിച്ച് വിദ്യാര്‍ഥിനി തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സര്‍വകലാശാലാ അധികൃതരാണ് ഇതില്‍ നടപടിയെടുക്കേണ്ടതെന്ന നിലപാടിലാണ് പോലീസ്.

Tags:    

Similar News