ചെളിയും എക്കലും നിറഞ്ഞു; അണക്കെട്ടുകളുടെ സംഭരണശേഷി 48 ശതമാനംവരെ കുറഞ്ഞതായി റിപ്പോര്‍ട്ട്
ചെളിയും എക്കലും നിറഞ്ഞു; അണക്കെട്ടുകളുടെ സംഭരണശേഷി 48 ശതമാനംവരെ കുറഞ്ഞതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: പ്രളയാനന്തരം ചെളിയും എക്കലും അടിഞ്ഞുകൂടി ജലസേചനവകുപ്പിന്റെ അണക്കെട്ടുകളുടെ സംഭരണശേഷി 48 ശതമാനംവരെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പലതിന്റെയും സംഭരണശേഷിയില്‍ 20 മുതല്‍ 48 ശതമാനംവരെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ചെളി നീക്കാനുള്ള ജോലികളാരംഭിച്ചത് ഏതാനും ഇടങ്ങളില്‍ മാത്രമാണ്. 15 അണക്കെട്ടുകളിലാണ് പീച്ചിയിലെ എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്.
ചിമ്മിനി, വാഴാനി, മലങ്കര, തെന്മല, നെയ്യാര്‍, മലമ്പുഴ, മംഗലം, പോത്തുണ്ടി, മീങ്കര, ചുള്ളിയാര്‍, വാളയാര്‍, കാഞ്ഞിരപ്പുഴ, കുറ്റ്യാടി, കാരാപ്പുഴ, പഴശ്ശി എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്. ചിമ്മിനി, വാഴാനി അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ മാറ്റമുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍. തെന്മല, നെയ്യാര്‍ അണക്കെട്ടുകളില്‍ ചെളിനീക്കാനുള്ള കരട് നിര്‍ദേശം തയ്യാറാക്കിയതല്ലാതെ തുടര്‍നടപടികളിലേക്ക് കടന്നിട്ടില്ല.
ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള മണിയാര്‍ ബാരേജില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കംചെയ്യാനുള്ള പദ്ധതിരേഖ തയ്യാറാക്കുന്നതേയുള്ളൂ. മംഗലം ഡാമില്‍ ഡീസില്‍റ്റേഷനുള്ള ടെന്‍ഡര്‍ വീണ്ടും വിളിക്കാനിരിക്കുകയാണ്. സംഭരണശേഷി ഏറ്റവുംകൂടുതല്‍ കുറഞ്ഞ മലങ്കര അണക്കെട്ടില്‍ ഡീസില്‍റ്റേഷന്‍ നടപടികളാരംഭിച്ചിരുന്നു. ചുള്ളിയാര്‍ അണക്കെട്ടിന്റെ ഡീസില്‍റ്റേഷന്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷനാണ് ഏറ്റെടുത്തത്. 65 ശതമാനത്തിലേറെ എക്കല്‍ ഇവിടെനിന്ന് നീക്കി.
മീങ്കര, വാളയാര്‍ ഡാമുകളിലേത് കേരള സ്റ്റേറ്റ് മിനറല്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷനാണ് നടത്തുന്നത്. മീങ്കരയില്‍നിന്ന് 54 ശതമാനവും വാളയാറില്‍നിന്ന് 31 ശതമാനവും ചെളി നീക്കിയതായി ജലസേചനവകുപ്പ് പറയുന്നു. അന്‍പതുശതമാനത്തോളം സംഭരണശേഷി കുറഞ്ഞ അരുവിക്കരയിലും ഡീസില്‍റ്റേഷന്‍ തുടങ്ങി.