വിവാഹവേളയില്‍ ലഭിക്കുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്തെന്ന് ഹൈക്കോടതി; രേഖകളില്ലെങ്കിലും കോടതി സത്യം മനസ്സിലാക്കണമെന്ന് ഡിവിഷന്‍ ബെഞ്ച്
വിവാഹവേളയില്‍ ലഭിക്കുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്തെന്ന് ഹൈക്കോടതി
കൊച്ചി: വിവാഹവേളയില്‍ വധുവിനു കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്ന് ഹൈക്കോടതി. വധുവിനു കിട്ടിയ സാധനങ്ങള്‍ക്കു ലിസ്റ്റോ രേഖയോ ഇല്ലാത്തതിനാല്‍ നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും, ഗാര്‍ഹിക പീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കോടതികള്‍ നീതി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബി.സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിവാഹ സമയത്ത് രക്ഷിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് 'സ്ത്രീക്കുള്ള ധനം' ആണെന്നും അത് വധുവിന്റെ മാത്രം സ്വത്താണെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്
ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്നു കളമശേരി സ്വദേശി രശ്മി നല്‍കിയ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രശ്മി ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്നു സ്വര്‍ണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ട് എറണാകുളം കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് നിരസിച്ചു. ഈ സാഹചര്യത്തിലാണു ഇവര്‍ ഹൈക്കോടതിയിലെത്തിയത്. ഹര്‍ജിക്കാരിക്ക് സ്ത്രീധനമായി കിട്ടിയ 59.5 പവന്‍ സ്വര്‍ണമോ ഇതിന്റെ വിപണിവിലയോ നല്‍കാന്‍ കോടതി ഭര്‍ത്താവിനോടു നിര്‍ദേശിച്ചു.
വിവാഹവേളയില്‍ സ്വര്‍ണവും പണവും സ്വകാര്യമായും അനൗദ്യോഗികമായും കൈമാറുന്നതു മൂലം രേഖയുണ്ടാകാറില്ലെന്നും ഈ സാഹചര്യം മുതലാക്കി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അതു കൈക്കലാക്കുന്ന പല കേസുകളുമുണ്ടെന്നും കോടതി പറഞ്ഞു. 'സുരക്ഷയെക്കരുതി സ്വര്‍ണവും പണവും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ട്. ഇതോടെ, സ്വന്തം ആഭരണങ്ങളില്‍ തൊടാനുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു. നിലവിലെ സാമൂഹിക, കുടുംബ സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു തെളിവു ഹാജരാക്കാന്‍ കഴിയാറില്ല. അതിനാല്‍ ക്രിമിനല്‍ കേസിലെന്ന പോലെ കര്‍ശനമായ തെളിവ് ആവശ്യപ്പെടരുത്. നീതി എന്നതു കര്‍ശന നടപടിക്രമങ്ങള്‍ക്ക് അപ്പുറം സത്യത്തെയും അതിന്റെ യഥാര്‍ഥ പശ്ചാത്തലത്തെയും അംഗീകരിക്കുന്നതാണ്' വിധിന്യായത്തില്‍ പറയുന്നു.
രശ്മി 2010ലാണ് വിവാഹിതയാവുന്നത്. കല്യാണ സമയത്ത് വീട്ടുകാര്‍ തനിക്ക് 63 പവന്‍ സ്വര്‍ണവും ഭര്‍ത്താവിനു രണ്ട് പവന്റെ മാലയും ബന്ധുക്കള്‍ സമ്മാനമായി ആറു പവനും നല്‍കിയതായി ഹര്‍ജിക്കാരി പറയുന്നു. താലിമാലയും ഒരു വളയും രണ്ടു മോതിരവും ഒഴിച്ചുള്ളവ സൂക്ഷിക്കാനെന്നു പറഞ്ഞ് ഭര്‍തൃമാതാപിതാക്കളുടെ മുറിയിലേക്കു മാറ്റി. പിന്നീട് 5 ലക്ഷം രൂപ കൂടി നല്‍കാത്തതിന്റെ പേരില്‍ ബന്ധം വഷളായി.
മാതാപിതാക്കള്‍ സ്ഥിരനിക്ഷേപമിട്ടിരുന്ന തുകയ്ക്കു വാങ്ങിയ സ്വര്‍ണമാണെന്നു തെളിവുനല്‍കി. സാധ്യതയുടെ മുന്‍തൂക്കം ഹര്‍ജിക്കാരിക്കാണെന്നു കോടതി വിധിച്ചു. അതേസമയം, വീട്ടുസാമഗ്രികള്‍ വിട്ടുനല്‍കണമെന്ന ആവശ്യം അനുവദിച്ചില്ല.