അമ്മയും മകനും സന്തോഷത്തോടെ വീട്ടില്‍ നിന്നും ഇറങ്ങിയത് വരിക്കാശ്ശേരി മനയിലെത്തി റീല്‍സ് എടുക്കാന്‍; നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് പൈപ്പല്‍ ഇടിച്ചതോടെ ദാരുണ മരണം: നാടിന്റെ നോവായി അഞ്ജുവും ശ്രിയാനും

നാടിന്റെ നോവായി അഞ്ജുവും ശ്രിയാനും

Update: 2025-05-03 03:21 GMT

പാലക്കാട്: റീല്‍സ് ചിത്രീകരണത്തിനായി വരിക്കാശ്ശേരി മനയിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ച അമ്മയും മകനും നാടിന്റെ നൊമ്പരമാകുന്നു. ഇരുവരുടെയും സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍നടക്കും. മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത്തിന്റെ ഭാര്യ അഞ്ജു (26), മകന്‍ ശ്രിയാന്‍ ശരത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്. റീല്‍സ് ചിത്രീകരിക്കുന്നതിനായി സന്തോഷത്തോടെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരുടേയും യാത്ര നാടിന് തന്നെ തീരാനോവായി മാറുക ആയിരുന്നു.

ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിനു സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ് കൂട്ടിയിട്ടിരുന്ന പൈപ്പിന്‍ മുകളിലേക്ക് വീഴുക ആയിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരണത്തിനായി സുഹൃത്ത് സൂര്യലക്ഷ്മിയോടൊപ്പമായിരുന്നു ഇരുവരും ഒറ്റപ്പാലം വരിക്കാശ്ശേരി മനയിലേക്കു യാത്ര തിരിച്ചത്. അഞ്ജുവാണ് വാഹനം ഓടിച്ചിരുന്നത്. എന്നാല്‍, സന്തോഷകരമായ യാത്ര അവസാനിച്ചതാവട്ടെ ദുരന്തത്തിലും. പരിക്കേറ്റ സുഹൃത്ത് കല്ലേക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുവരുടേയും മരണ വാര്‍ത്തയറിഞ്ഞ് നാടും വീടും ഒരുപോലെ ഞെട്ടി. അഞ്ജുവിന്റെ ഭര്‍ത്താവ് മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കലക്ഷന്‍ ഏജന്റാണ്. ശരത്തിന്റെ അമ്മ സരസു മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ ശനിയാഴ്ച എത്തിയശേഷം സംസ്‌കാരം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

അഞ്ജുവിന്റെയും മകന്റെയും വിയോഗം അറിഞ്ഞ് നാട്ടുകാരും പരിചയക്കാരും കൂട്ടുകാരുമായ നിരവധി പേരാണ് ജില്ല ആശുപത്രിയി??ലെത്തിയത്. മരിച്ച ശ്രീജന്‍ ശരത്തിന്റെയും അഞ്ജുവിന്റെയും ഏകമകനാണ്. ഇന്നലെ വൈകീട്ടോടെ ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകും. മണികണ്ഠനാണ് അഞ്ജുവിന്റെ പിതാവ്. മാതാവ്: സുമതി. മഞ്ജു, റിഞ്ചു എന്നിവര്‍ സഹോദരങ്ങളാണ്.

Tags:    

Similar News