ഭീകരതയ്ക്കെതിരേ ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്ന് പ്രതിപക്ഷം; ഓപ്പറേഷന്‍ സിന്ദൂറില്‍ സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ

Update: 2025-05-08 08:17 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വേണ്ടി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കി പ്രതിപക്ഷം. ഭീകരതയ്ക്കെതിരേ ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

സൈനിക നടപടിക്ക് അടക്കം യോഗം പൂര്‍ണ പിന്തുണ നല്‍കി. അതേസമയം ഇന്ത്യന്‍ വിമാനം പാക്കിസ്ഥാന്‍ വെടിവച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവച്ചു. എന്നാല്‍ ഇക്കാര്യങ്ങളോട് സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നാണ് വിവരം. പാര്‍ലമെന്റില്‍ നടന്ന യോഗത്തില്‍ ഇരുപതില്‍ അധികം പ്രതിപക്ഷ കക്ഷികളുടെ അംഗങ്ങള്‍ പങ്കെടുത്തു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് യോഗത്തില്‍ വിശദീകരിച്ചത്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തിന് എത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ചയുള്ള സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗത്തില്‍നിന്ന് വിട്ടുനിന്നത്.

Similar News