ഇടുക്കിയിലെ റിസോര്‍ട്ടിന്റെ മറവില്‍ ചന്ദന വില്‍പ്പന; 52കാരന്‍ അറസ്റ്റില്‍: പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത് നാലു കിലോ ചന്ദനം

ഇടുക്കിയിലെ റിസോര്‍ട്ടിന്റെ മറവില്‍ ചന്ദന വില്‍പ്പന; 52കാരന്‍ അറസ്റ്റില്‍

Update: 2025-05-10 03:45 GMT

ഇടുക്കി: ഇടുക്കിയിലെ റിസോര്‍ട്ടിന്റെ മറവില്‍ ചന്ദന വില്‍പ്പന നടത്തിയിരുന്നയാളെ പോലിസ് പിടികൂടി. മണ്ണാര്‍ക്കാട് പോലീസ്, ചന്ദനം പിടിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കാന്തല്ലൂര്‍ ഒള്ളവയല്‍ സ്വദേശി തങ്കരാജി (52)നെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാളുടെ വീട്ടില്‍നിന്ന്, വില്‍പ്പനക്കായിവെച്ചിരുന്ന നാലുകിലോ ചന്ദനവും കണ്ടെടുത്തു.

മണ്ണാര്‍ക്കാട് ചന്ദനക്കേസിലെ പ്രതി പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് കല്ലംതൊടി വീട്ടില്‍ മുഹമ്മദ് നാസറി (36)നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്കരാജിനെ പിടിച്ചത്. ഏപ്രില്‍ 24-ന് മണ്ണാര്‍ക്കാട് പോലീസ്, വാഹനപരിശോധന നടത്തുന്നതിനിടയിലാണ് മുഹമ്മദ് നാസര്‍ 232 കിലോ ചന്ദനവുമായി പിടിയിലായത്. 35 ലക്ഷം രൂപ വരെ ലഭിക്കുന്ന ചന്ദനമാണ് പിടികൂടിയത്.

മുഹമ്മദ് നാസറിന് ചന്ദനം നല്‍കിയതില്‍ ഒരാള്‍ തങ്കരാജാണ്. ഒള്ളവയലിലെ തങ്കരാജിന്റെ ഉടമസ്ഥതയിലുള്ള ചെറിയ റിസോര്‍ട്ടിന്റെ മറവിലാണ് ചന്ദനവില്‍പ്പന നടന്നിരുന്നത്. സ്വകാര്യ ഭൂമിയില്‍നിന്നും വനഭൂമിയില്‍നിന്നും ചന്ദനം മുറിച്ചുകടത്തുന്നവരില്‍നിന്നാണ് തങ്കരാജ് ഇവ വാങ്ങിയിരുന്നത്. പിന്നീട് ഇയാള്‍ വാങ്ങുന്നവരെ വിവരം അറിയിക്കും. അവര്‍ ആഡംബരവാഹനങ്ങളില്‍ സഞ്ചാരികളെപ്പോലെ തങ്കരാജിന്റെ റിസോര്‍ട്ടിലെത്തും. ഇവിടെനിന്ന് ചന്ദനത്തടി വാങ്ങി വാഹനങ്ങളുടെ രഹസ്യ അറകളിലാണ് കടത്തിക്കൊണ്ടുപോയിരുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആദ്യ പരിശോധനയില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിലെ രഹസ്യ അറയില്‍നിന്ന് 64.1 കിലോ ചന്ദനം ലഭിച്ചു. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് 168.648 കിലോഗ്രാം ചന്ദനംകൂടി വാഹനത്തിന്റെ മറ്റൊരു രഹസ്യഅറയില്‍നിന്ന് കണ്ടെടുത്തത്. നാച്ചിവയലില്‍നിന്ന് നഷ്ടപ്പെട്ട ചന്ദനമാണിത്.

Tags:    

Similar News