പടക്കംവെച്ച് കൊന്ന കാട്ടുപന്നിയെ ഇറച്ചിക്കായി വാഹനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; പുനലൂര്‍ ബാറിലെ അഭിഭാഷകന്‍ പിടിയില്‍
കാട്ടുപന്നിയിറച്ചി കാറിൽ കടത്തവേ അഭിഭാഷകൻ പിടിയിൽ
കൊല്ലം: പടക്കംവെച്ചുകൊന്ന കാട്ടുപന്നിയെ കാറില്‍ കടത്തുന്നതിനിടയില്‍ അഭിഭാഷകന്‍ പിടിയില്‍. പുനലൂര്‍ ബാറിലെ അഭിഭാഷകന്‍ ഭാരതീപുരം അജീഷ് ഭവനില്‍ അജിന്‍ലാലാണ് വനപാലകരുടെ വാഹന പരിശോധനയ്ക്കിടയില്‍ പിടിയിലായത്. തല പൂര്‍ണമായി തകര്‍ന്ന കാട്ടുപന്നിയെ വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. നൂറ്റിയമ്പതോളം കിലോ തൂക്കംവരുമെന്ന് അഞ്ചല്‍ വനം റെയ്ഞ്ച് ഓഫീസര്‍ അജികുമാര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഏഴംകുളം ഭാഗത്താണ് സംഭവം. അഞ്ചല്‍ വനം റെയ്ഞ്ചില്‍ മറവഞ്ചിറ ഏരൂര്‍ എണ്ണപ്പനത്തോട്ടത്തില്‍നിന്നാണ് കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയത്. പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ കാറിനുമുന്നില്‍ വനപാലകരുടെ വാഹനം കുറുകേയിട്ടാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏഴംകുളം വനം സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അനില്‍കുമാര്‍, എസ്എഫ് ഒ. നൗഷാദ്, ബീറ്റ് ഫോറസ്റ്റര്‍ നിവരമണന്‍, ലക്ഷ്മി മോഹന്‍, ജെ.സി. അഭയ്, പ്രതീഷ്, വാച്ചര്‍മാരായ വൈശാഖ്, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.