മലപ്പട്ടത്ത് നടന്നത് യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാ സംഘത്തിന്റെ തേര്‍വാഴ്ച; ആക്രമണം ആസൂത്രിതമെന്ന് കെ കെ രാഗേഷ്
മലപ്പട്ടത്ത് നടന്നത് യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാ സംഘത്തിന്റെ തേര്‍വാഴ്ച
കണ്ണൂര്‍: കഴിഞ്ഞ ദിവസം മലപ്പട്ടത്തുണ്ടായത് യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാ സംഘത്തിന്റെ തേര്‍വാഴ്ചയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടത്തിയവാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നുഅദ്ദേഹം.
ആക്രമണം ആസൂത്രിതമായി നടന്നതാണെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു അഴിഞ്ഞാട്ടമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രകോപനമില്ലാതെയാണ് സിപിഎം മലപ്പട്ടം ലോക്കല്‍ കമ്മറ്റി ഓഫീസ് ആക്രമിച്ചത്. ജാഥയുടെ പിന്‍നിരയില്‍ ഗുണ്ടാസംഘങ്ങളെ അണിനിരത്തികൊണ്ടായിരുന്നു ആക്രമണം നടത്തിയത്.
ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല എന്നായിരുന്നു അവര്‍ മുദ്രാവാക്യം വിളിച്ചത്. ധീരജിനെ തങ്ങള്‍ കുത്തി കൊലപ്പെടുത്തിയതാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സമ്മതിച്ചുവെന്നും പ്രദേശത്ത് ആസൂത്രിതമായി കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും കെ.കെ രാഗേഷ് ആരോപിച്ചു.
സിപിഎം നേതാക്കളായ പി.വി ഗോപിനാഥനും ടി.കെ ഗോവിന്ദന്‍ മാസ്റ്ററും ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇതാവുമായിരുന്നില്ല സ്ഥിതി. തന്നെ അക്രമിച്ചുവെന്ന് ചിത്രീകരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ശ്രമിച്ചത്. ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നു ഡി.സി.സി അദ്ധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും. മലപ്പട്ടം പോലുള്ള പ്രദേശത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു സംഘര്‍ഷമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. മറ്റു പാര്‍ട്ടിക്കാര്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത സ്ഥലമാണെന്ന് വരുത്തി തീര്‍ക്കലാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും കെ.കെ. രാഗേഷ് പറഞ്ഞു.