കട്ടിലില്‍ ചാടിക്കയറി പട്ടിയെ കടിച്ചെടുത്തു; കുഞ്ഞിനെ തട്ടി താഴെയിട്ടു; പുലിയുടെ കൈയ്യില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൂന്നര വയസ്സുകാരി: പട്ടിയെ കടിച്ചെടുത്തത് ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്നും: പേടിച്ചരണ്ട് കുടുംബം

രാത്രി വീടിനുള്ളിൽ പുലി; കട്ടിലില്‍ ചാടിക്കയറി പട്ടിയെ കടിച്ചെടുത്തു

Update: 2025-05-16 00:07 GMT

പാലക്കാട്: ടിവിയില്‍ കണ്ട കാര്‍ട്ടൂണുകളില്‍ മാത്രമാണ് മൂന്നര വയസ്സുകാരി അവനിക പുലിയെ കണ്ടിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ രാത്രി കട്ടിലില്‍ ഉറങ്ങിക്കിടന്ന അവനികയുടെ തൊട്ടടുത്ത് പുലി എത്തി. അവനികയുടെ അടുത്ത് കിടന്ന പട്ടിയെ കടിച്ചെടുക്കുന്ന തിരക്കില്‍ അവനികയെ പുലി തട്ടി താഴെയും ഇട്ടു. കട്ടിലില്‍ നിന്നു താഴെ വീണതോടെ നിലവിളിച്ചു കൊണ്ട് എഴുന്നേറ്റ കുഞ്ഞ് കണ്ടതാവട്ടെ തൊട്ടടുത്ത് നിന്ന പുലിയേയും. പുലിയെ തൊട്ടടുത്ത് കണ്ടതിന്റെ ഞെട്ടലില്‍ നിന്നും ഈ മൂന്നര വയസ്സുകാരി ഇനിയും മോചിതായിട്ടില്ല.

അവളുടെ മാതാപിതാക്കളാവട്ടെ, കുഞ്ഞിന്റെ ജീവന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും. മലമ്പുഴ അകമലവാരത്ത് എലിവാല്‍ സ്വദേശി കെ.കൃഷ്ണന്റെ ഒറ്റമുറി വീടിനകത്താണ് വാതില്‍ മാന്തിപ്പൊളിച്ചു പുലി കയറിയത്. മുറിക്കുള്ളില്‍ കെട്ടിയിട്ടിരുന്ന ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയായിരുന്നു പുലി കടിച്ചോണ്ട് പോയത്. നായയുടെ നേരെ ചാടുന്നതിനിടെയാണ് പുലി ദേഹത്തുതട്ടി മൂന്നരവയസ്സുകാരി അവനിക കട്ടിലില്‍നിന്നു താഴെ വീണത്. നിലത്തുകിടന്നിരുന്ന അമ്മ ലത കരച്ചില്‍കേട്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് നായയെ കടിച്ചുപിടിച്ചുനില്‍ക്കുന്ന പുലിയെ.

മക്കളുടെ തൊട്ടടുത്ത് പുലിയെ കണ്ട് കട്ടിലിലുണ്ടായിരുന്ന പൗര്‍ണമി (5), അനിരുദ്ധ് (7) എന്നീ മക്കളേയുംകൂടി ചേര്‍ത്തുപിടിച്ച് ലത നിലവിളിച്ചു. വീടിനുപുറത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണന്‍ കരച്ചില്‍കേട്ടു വന്നപ്പോഴേക്കും നായയുമായി പുലി പുറത്തേക്കു പാഞ്ഞു. കുഞ്ഞിന്റെ കാലിനു നിസ്സാര പരുക്കുണ്ട്. അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച 'റോക്കി' എന്ന നായയെയാണു പുലി പിടിച്ചത്.

നായയെ മുന്‍പു പുലി പിടിക്കാന്‍ ശ്രമിച്ചതിനാലാണു രാത്രി അകത്തു കെട്ടിയിടാന്‍ തുടങ്ങിയത്. തകര്‍ന്നു വീഴാറായ ഒറ്റമുറി വീട്ടില്‍ കഴിയുന്ന കുടുംബം ഇപ്പോഴും പുലിപ്പേടിയിലാണ്. വന്യമൃഗങ്ങളെ പേടിച്ചു കഴിയുന്ന 13 കുടുംബങ്ങള്‍കൂടി ഇവിടെയുണ്ട്. 2017 ല്‍ ഇവിടെ സൗരോര്‍ജവേലി സ്ഥാപിച്ചെങ്കിലും പരിപാലനമില്ലാതെ നശിച്ചു.

Tags:    

Similar News