കൊച്ചി വിമാനത്താവളത്തില്‍ രണ്ട് ലക്ഷം സൗദി റിയാലുമായി മൂവാറ്റുപുഴ സ്വദേശിനി പിടിയില്‍; കറന്‍സി കണ്ടെത്തിയത് ചെക്ക്ഇന്‍ ബാഗില്‍ അലുമിനിയം ഫോയിലില്‍ ഒളിപ്പിച്ച നിലയില്‍: കേസെടുത്ത് അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

2 ലക്ഷം സൗദി റിയാലുമായി വിമാന യാത്രക്കാരി പിടിയിൽ

Update: 2025-05-17 00:33 GMT

നെടുമ്പാശേരി: കൊച്ചി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 44.4 ലക്ഷം രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് പിടികൂടി. യാത്രക്കാരിയുടെ ബാഗേജ് പരിശോധനയിലാണ് രണ്ട് ലക്ഷം സൗദി റിയാല്‍ പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശി ഗീതയാണ് 500 സൗദി റിയാലിന്റെ 400 കറന്‍സിയുമായി പിടിയിലായത്. വ്യാഴാഴ്ച രാത്രി ദുബായിലേക്ക് പോകാനെത്തിയതായിരുന്നു ഇവര്‍. ഇവരെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് അന്വേഷണം തുടങ്ങി.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം സോണിലെ ഉദ്യോഗസ്ഥര്‍ ചീഫ് കമ്മിഷണര്‍ എസ്.കെ.റഹ്‌മാന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ എത്തിയാണ് ഇവരെ പിടികൂടിയത്. ചെക്ക്ഇന്‍ ബാഗില്‍ അലുമിനിയം ഫോയിലില്‍ ഒളിപ്പിച്ച നിലയിലാണ് കറന്‍സി കണ്ടെത്തിയത്. ഓരോ പാക്കറ്റിലും 100 സൗദി കറന്‍സി വീതമാണ് ഉണ്ടായിരുന്നത്.

കസ്റ്റംസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത് വിദേശത്തു നിന്നു വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവു പോലുള്ള ലഹരി വസ്തുക്കള്‍ കൊച്ചിയിലേക്ക് ഒഴുകുന്നുണ്ട്. ഇതിന്റെ വില ആയിട്ടാണ് വിദേശ കറന്‍സി കടത്തുന്നതെന്ന് സൂചനയുണ്ട്. ഇക്കഴിഞ്ഞ 2ന് ഇടപ്പള്ളി സ്വദേശി ജയകുമാര്‍ 42 ലക്ഷം രൂപയുടെ അമേരിക്കന്‍ ഡോളറുമായി പിടിയിലായിരുന്നു.

Tags:    

Similar News