വൈവക്കായി ഡിഗ്രി വിദ്യാര്‍ത്ഥികളെ അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തി; ലൈംഗികമായി പീഡിപ്പിച്ചത് പന്ത്രണ്ട് വിദ്യാര്‍ത്ഥികളെ: ഫിസിക്‌സ് പ്രൊഫസര്‍ അറസ്റ്റില്‍
അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തി; പ്രൊഫസര്‍ ലൈംഗികമായി പീഡിപ്പിച്ചത് പന്ത്രണ്ട് വിദ്യാര്‍ത്ഥികളെ
റൂര്‍ക്കി: വൈവക്കിടെ ബിരുധ വിദ്യാര്‍ത്ഥികളെ അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത അസിസ്റ്റന്റ് പ്രൊഫസറെ പോലിസ് അറസ്റ്റ് ചെയ്തു. ഹരിദ്വാറിലെ റൂര്‍ക്കിയിലുള്ള കെഎല്‍ഡിഎവി പിജി കോളേജില്‍ എക്സ്റ്റേണല്‍ എക്സാമിനറായി നിയമിതനായ സര്‍ക്കാര്‍ കോളേജ് അസി. പ്രൊഫസര്‍ 44കാരനായ അബ്ദുല്‍ സലീം അന്‍സാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടോളം ബിരുദ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ഫിസിക്സ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെയാണ് സംഭവം. പെണ്‍കുട്ടികളുടെ പരതായില്‍ കസ്റ്റഡിയിലെടുത്ത അന്‍സാരിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഡെറാഡൂണിലെ ഡോയിവാല സ്വദേശിയായ അന്‍സാരി ബിഎസ്സി നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളെ വൈവ പരീക്ഷയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചുവരുത്തിയതായി പൊലീസ് പറഞ്ഞു. അന്‍സാരി അനുചിതമായി വിദ്യാര്‍ഥികളോട് പെരുമാറിയെന്ന് പൊലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, വ്യക്തിഗത ബോണ്ടില്‍ വിട്ടയക്കാന്‍ നിര്‍ദ്ദേശിച്ചു. റൂര്‍ക്കിക്കടുത്തുള്ള ഗവണ്‍മെന്റ് ഡിഗ്രി കോളേജ് ചുഡിയാലയിലെ ഫാക്കല്‍റ്റി അംഗമായ കുറ്റാരോപിതനായ പ്രൊഫസറിനെതിരെ ബിഎന്‍എസ് സെക്ഷന്‍ 75-2 (ലൈംഗിക പീഡനം) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇയാള്‍ക്കെതിരെ 12ലേറെ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. അന്‍സാരി തന്നെ ലൈംഗികമായി പീഡിപ്പിക്കുക മാത്രമല്ല, ഫോണ്‍ നമ്പര്‍ കൈയില്‍ എഴുതിവെച്ച് രാത്രിയില്‍ തന്നെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ഇരകളിലൊരാള്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ കോളേജ് അധികൃതരെ സമീപിക്കുകയും ക്യാമ്പസില്‍ പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ഗംഗ്‌നഹര്‍ പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കി.
വ്യാഴാഴ്ച കോളേജ് ക്യാമ്പസില്‍ നിന്ന് ഞങ്ങള്‍ പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് എസ്എച്ച്ഒ ആര്‍കെ സക്ലാനി പറഞ്ഞു. അന്‍സാരിക്ക് ചുമതലയുണ്ടായിരുന്ന എല്ലാ പ്രായോഗിക പരീക്ഷകളും കെഎല്‍ഡിഎവി കോളേജ് അധികൃതര്‍ റദ്ദാക്കി. പുതിയ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. എംപി സിംഗ് പറഞ്ഞു.