സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജൂവലറിയില്‍ എത്തി; സെയില്‍സ്മാനില്‍ നിന്നും മാല തട്ടിപ്പറിച്ച് ഓടി: ഒന്നര വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

ജൂവലറിയില്‍നിന്ന് സ്വര്‍ണമാല തട്ടിപ്പറിച്ചുകൊണ്ട് ഓടി; ഒന്നര വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

Update: 2025-05-22 03:54 GMT

കണ്ണൂര്‍: സ്വര്‍ണം വാങ്ങാന്‍ എന്ന വ്യാജേന ജൂവലറിയില്‍ എത്തിയ ശേഷം മാല തട്ടിയെടുത്ത കേസിലെ പ്രതിയെ ഒന്നര വര്‍ഷത്തിന് ശേഷം ഇരട്ടി പോലീസ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍നിന്ന് അറസ്റ്റുചെയ്തു. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി മുഹമ്മദ് ഹുസൈന്‍ (26) ആണ് അറസ്റ്റിലായത്. ഇരിട്ടി ടൗണിലെ വിവാ ഗോള്‍ഡില്‍നിന്നാണ് പ്രതി മാല തട്ടിയെടുത്തത്. പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ദിവസം പോലിസ് പിടികൂടുക ആയിരുന്നു.

2023 നവംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.സ്വര്‍ണം വാങ്ങാന്‍ എന്ന വ്യാജേന മുഹമ്മദ് ഹുസൈനും സുഹൃത്തും ജൂവലറിയില്‍ എത്തി സെയില്‍സ്മാനില്‍നിന്ന് മാലം തട്ടിപ്പറിച്ച് ഓടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ തമിഴ്‌നാട് കൃഷ്ണഗിരിയിലെ മസര്‍ അബ്ബാസിനെ നേരത്തേ പോലീസ് പിടിച്ചിരുന്നു. പ്രധാന പ്രതി മുഹമ്മദ് ഹുസൈനെ കണ്ടെത്താനായില്ല.

സംഭവത്തിനുശേഷം മൊബൈല്‍ഫോണ്‍ പോലും ഉപയോഗിക്കാതെ മുഹമ്മദ് ഹുസൈന്‍ പല സംസ്ഥാനങ്ങളില്‍ കറങ്ങിനടക്കുകയായിരുന്നു. വിവിധ ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്ന ഇയാള്‍ തൊപ്പി, കൂളിങ് ഗ്ലാസ്, ബെല്‍റ്റ് തുടങ്ങിയവ വില്പനയുമായി നടക്കുകയായിരുന്നു. ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകള്‍ നന്നായി സംസാരിക്കാന്‍ കഴിയുന്നതിനാല്‍ പല സംസ്ഥാനങ്ങളിലും സംശയം തോന്നാതെ ഇതുവരെ ഒളിവില്‍ കഴിഞ്ഞു.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഇയാള്‍ക്കെതിരേ മോഷണക്കേസ് ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഇരിട്ടി ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ ഷറഫുദ്ദീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, സി.വി. രജീഷ്, സി. ബിജു, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ എ.എം. ഷിജോയ്, കെ.ജെ. ജയദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് തമിഴ്‌നാട്ടില്‍നിന്ന് പ്രതിയെ പിടിച്ചത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

മോഷണം, പ്രതി, അറസ്റ്റ്, arrest

Tags:    

Similar News