കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പ്രവേശനം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പ്രവേശനം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലായില്‍ ബിരുദ പഠനത്തിന് പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ ഒന്‍പതിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ്: എസ്സി/എസ്ടി 205 രൂപ. മറ്റുള്ളവര്‍ 495 രൂപ. മൂന്നുതരത്തില്‍ പഠനം പൂര്‍ത്തിയാക്കാം. (എ) മൂന്നുവര്‍ഷത്തെ യുജി ബിരുദം, (ബി) നാലുവര്‍ഷത്തെ യുജി ബിരുദം (ഓണേഴ്സ്), (സി) നാലുവര്‍ഷത്തെ യുജി ബിരുദം (ഓണേഴ്സ് വിത്ത് റിസര്‍ച്ച്).
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന്റെ ആദ്യ ഘട്ടത്തില്‍ കാപ് ഐഡിയും പാസ്വേഡും മൊബൈലില്‍ ലഭിക്കുന്നതിന് അടിസ്ഥാനവിവരങ്ങള്‍ നല്‍കണം. വിവരങ്ങള്‍ സേവ് ചെയ്യുന്നതിനു മുന്‍പ് നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കണം. അപേക്ഷാഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിന്‍ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. വിവിധ കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളുടെ മേജര്‍, മൈനര്‍, സ്പെഷ്യലൈസേഷന്‍ വിശദാംശങ്ങള്‍ അതത് കോളേജുകളുടെ വെബ്സൈറ്റില്‍/നോട്ടീസ് ബോര്‍ഡിലുണ്ട്.
പ്ലസ് ടു/ഹയര്‍സെക്കന്‍ഡറി മാര്‍ക്ക്ലിസ്റ്റ് പ്രകാരം രജിസ്റ്റര്‍നമ്പര്‍, പേര്, ജനനത്തീയതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനാവൂ. ഓണ്‍ലൈന്‍ രജിസ്ട്രേഷന് 20 ഓപ്ഷന്‍വരെ നല്‍കാം. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളില്‍ ഏറ്റവും താത്പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കണം. സെല്‍ഫ് ഫിനാന്‍സിങ് കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ ഗവണ്‍മെന്റ് കോഴ്സുകളുടെ ഫീസില്‍നിന്നു വ്യത്യസ്തമായിരിക്കും. കമ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ടവരെ അവര്‍ തിരഞ്ഞെടുക്കുന്ന 20 കോളേജ് ഓപ്ഷനുകളിലുള്‍പ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അര്‍ഹമായ കമ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്യൂണിറ്റിക്കും അര്‍ഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിലുണ്ട്.
അപേക്ഷിച്ച് പ്രിന്റൗട്ട് എടുത്തവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതിവരെ അപേക്ഷ എഡിറ്റ് ചെയ്യാനാകും. എഡിറ്റ് ചെയ്യുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് ഡൗണ്‍ലോഡ് ചെയ്യണം. പ്രിന്റൗട്ട് സര്‍വകലാശാലയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാല്‍ പ്രവേശനം ലഭിക്കുന്ന അവസരത്തില്‍ പ്രിന്റൗട്ട് മറ്റു രേഖകളോടൊപ്പം അതത് കോളേജുകളില്‍ നല്‍കണം.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും (ജനറല്‍, മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്‌സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍) ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യണം. മാനേജ്മെന്റ്, സ്പോര്‍ട്‌സ് എന്നീ ക്വാട്ടകളില്‍ പ്രവേശനം വേണ്ടവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുപുറമേ അതത് കോളേജുകളുമായി നേരിട്ടു ബന്ധപ്പെട്ട് അപേക്ഷിക്കണം. അലോട്മെന്റ്, അഡ്മിഷന്‍ തുടങ്ങിയ വിവരങ്ങള്‍ അതത് സമയത്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0494 2660600, 2407016, 2407017. വെബ്സൈറ്റ്: www.admission.uoc.ac.in