വയറു വേദനയുമായി ആശുപത്രിയിലെത്തി; ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 41 റബ്ബര്‍ ബാന്‍ഡുകള്‍

യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 41 റബ്ബര്‍ ബാന്‍ഡുകള്‍

Update: 2025-07-25 02:38 GMT

പാറശ്ശാല: വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂട പുറത്തെടുത്തത് 41 റബ്ബര്‍ ബാന്‍ഡുകള്‍. വയറുവേദനയെത്തുടര്‍ന്ന് വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയ 40കാരിയുടെ വയറ്റില്‍ നിന്നാണ് പന്ത് പോലെ ഉരുണ്ട് കൂടിയ റബര്‍ ബാന്‍ഡ് നീക്കം ചെയ്തത്. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് റബ്ബര്‍ബാന്‍ഡിന്റെ 'പന്ത്' നീക്കിയത്.

വയറുവേദനയെത്തുടര്‍ന്ന് വിവിധ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും മാറ്റമുണ്ടാകാത്തതിനെത്തുടര്‍ന്ന് നാലുദിവസം മുന്‍പാണ് നാല്‍പ്പത് വയസ്സുകാരി പാറശ്ശാല സരസ്വതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ എന്തോ അടിഞ്ഞ് കൂടി കിടക്കുന്നതായി കണ്ടെത്തിയത്.

സ്‌കാനിങ്ങില്‍ ചെറുകുടലിലെ തടസ്സമാണ് വയറുവേദനയ്ക്ക് കാരണമായതെന്നു കണ്ടെത്തി. തുടര്‍ന്ന് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുക ആയിരുന്നു.. ശസ്ത്രക്രിയയില്‍ ചെറുകുടലിനുള്ളില്‍ കാണപ്പെട്ട മുഴ തുറന്നുനോക്കിയപ്പോഴാണ് റബ്ബര്‍ബാന്‍ഡുകള്‍ ഒന്നിനോടൊന്ന് ചേര്‍ന്ന് പന്തുപോലെ രൂപപ്പെട്ടതായി കണ്ടെത്തിയത്. 41 റബ്ബര്‍ബാന്‍ഡുകളാണ് നീക്കിയത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് റബ്ബര്‍ബാന്‍ഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വന്തം തലമുടിപോലുള്ള ഭക്ഷയോഗ്യമല്ലാത്ത സാധനങ്ങള്‍ കഴിക്കുന്ന മാനസികവൈകല്യങ്ങളുള്ളവരില്‍ ഇത്തരം അവസ്ഥ ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും റബ്ബര്‍ബാന്‍ഡ് വിഴുങ്ങി ഇത്തരം അവസ്ഥയുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്ന് ആശുപത്രി മേധാവി ഡോ. എസ്.കെ. അജയ്യകുമാര്‍ പറഞ്ഞു.

Tags:    

Similar News