ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദപാത്തി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തില്‍ ശക്തമായ മഴക്കുള്ള കാരണം.
കേരളത്തിനു മുകളില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ 30-ാം തിയതി വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ നദീതീരത്തുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.