സഹോദരിയെ ശല്യപ്പെടുത്തി; താക്കീത് നല്‍കിയിട്ടും പിന്മാറിയില്ല; ആലപ്പുഴയില്‍ യുവാക്കള്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാളുടെ നില ഗുരുതരം; രണ്ട് പേര്‍ കസ്റ്റഡിയില്‍

Update: 2025-07-31 17:03 GMT

ആലപ്പുഴ: ആലപ്പുഴ നഗരമധ്യത്തില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് മുന്നില്‍ രണ്ട് പേര്‍ ചേര്‍ന്ന് യുവാവിനെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശി റിയാസിനാണ് കുത്തേറ്റത്. തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാല്‍ എന്നിവര്‍ ചേര്‍ന്നാണ് റിയാസിനെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നിരവധി വെട്ടുകളേറ്റ റിയാസിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതികളുടെ സഹോദരിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് വിവരം.

താക്കീത് നല്‍കിയിട്ടും പിന്‍മാറാത്തതാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. റിയാസിനെ അന്വേഷിച്ച് സിബിയും വിഷ്ണുലാലും ആലപ്പുഴയില്‍ എത്തുകയായിരുന്നു എന്നാണ് വിവരം.

കണ്ണൂര്‍ താഴെചൊവ്വ സ്വദേശി 25 വയസുകാരന്‍ റിയാസനോട് ആലപ്പുഴയിലെത്താന്‍ ആവശ്യപ്പെട്ടത് തിരുവനന്തപുരം സ്വദേശികളായ വിഷ്ണുലാലും സിബിയുമാണ്. റിയാസ് ബസ് ഇറങ്ങിയപ്പോള്‍ തന്നെ തര്‍ക്കം ആരംഭിച്ചു. വിഷ്ണുലാല്‍ കൈയ്യില്‍ കരുതിയ കത്തിയെടുത്തു പലയാവര്‍ത്തി റിയാസിനെ കുത്തുകയായിരുന്നു.

പൊലീസ് എത്തി വിഷ്ണുലാലിനെയും സിബിയെയും കസ്റ്റഡിയിലെടുത്തു.ഗുരുതര പരുക്കുകളോടെ റിയാസ് ആലപ്പുഴ ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇരുവരേയും വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. ആരോഗ്യാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് റിയാസിന്റെ മൊഴി രേഖപ്പെടുത്തും.

Similar News