മാസങ്ങളും വര്‍ഷങ്ങളുമായി കെട്ടിക്കിടക്കുന്നു; 50 കേസുകള്‍ ഒറ്റയടിക്ക് മധ്യസ്ഥതയ്ക്ക് വിട്ട് ഹോസ്ദുര്‍ഗ് കോടതി

50 കേസുകള്‍ ഒറ്റയടിക്ക് മധ്യസ്ഥതയ്ക്ക് വിട്ട് ഹോസ്ദുര്‍ഗ് കോടതി

Update: 2025-08-01 02:54 GMT

കാഞ്ഞങ്ങാട്: മാസങ്ങളും വര്‍ഷങ്ങളുമായി കോടതി മുറിയില്‍ കെട്ടിക്കിടന്ന 50 കേസുകള്‍ ഒറ്റയടിക്ക് മധ്യസ്ഥതയ്ക്ക് വിട്ട് ഹൊസ്ദുര്‍ഗ് കോടതി. ഗാര്‍ഹിക പീഡനക്കേസുകളും ചെക്കുകേസുകളുമാണ് മധ്യസ്ഥതയ്ക്ക് വിട്ടവയില്‍ ഏറെയും. ജൂലായ് ഒന്ന് മുതലാണ് ഇതു നടപ്പാക്കിത്തുടങ്ങിയത്. 'മധ്യസ്ഥതയിലൂടെ സമാധാനം ഉറപ്പാക്കൂ' എന്ന സന്ദേശം നല്കിക്കൊണ്ടുള്ള ഹൈക്കോടതി പദ്ധതിപ്രകാരമാണ് കീഴ്ക്കോടതികള്‍ കേസുകള്‍ മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നത്.

കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും വിവിധ കോടതികളില്‍നിന്നായി ഒരു മാസത്തിനിടെ ജില്ലയില്‍ 901 കേസുകളാണ് മധ്യസ്ഥചര്‍ച്ചയ്ക്കായി മാറ്റിയത്. തര്‍ക്കവിഷയങ്ങളില്‍ മധ്യസ്ഥരുടെ സഹായത്തോടെ ആശയവിനിമയം നടത്തി സ്വയം തീരുമാനമെടുക്കാന്‍ കക്ഷികള്‍ക്ക് തന്നെ സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. മധ്യസ്ഥചര്‍ച്ച പൂര്‍ണമായും സൗജന്യമാണെന്നതാണ് കക്ഷികള്‍ക്ക് മറ്റൊരു ആശ്വാസം. രണ്ടുകക്ഷികള്‍ക്കും താത്പര്യമുണ്ടെങ്കില്‍ മാത്രമേ കേസ് മധ്യസ്ഥരിലേക്ക് വിടുകയുള്ളൂ.

വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ മധ്യസ്ഥ ചര്‍ച്ചയിലേക്ക് എത്തുമ്പോള്‍ കേസ് തീരുന്നതിന്റെ ആശ്വാസത്തിലാണ് പലരും. മുതിര്‍ന്ന 10 അഭിഭാഷകരെയാണ് അതതു കോടതികള്‍ മധ്യസ്ഥചര്‍ച്ചയ്ക്കായി നിയോഗിച്ചത്. ഇതൊന്ന് തീര്‍ന്നാല്‍ മതിയായിരുന്നുവെന്ന് പറഞ്ഞ് കാത്തിരിക്കുന്ന ദമ്പതിമാര്‍ക്കാണ് മധ്യസ്ഥചര്‍ച്ച കൂടുതല്‍ ആശ്വാസമായത്. വിവാഹമോചന കേസുകള്‍ നീണ്ട്, ജീവിതത്തെ പൂര്‍ണമായും അലോസരപ്പെടുത്തുന്ന സാഹചര്യത്തില്‍നിന്ന് പെട്ടെന്നൊരു പ്രശ്നപരിഹാരമുണ്ടാകുന്നു.

സുതാര്യതയും ഒപ്പം രഹസ്യസ്വാഭവം കൈവിടാതെയും ചര്‍ച്ചചെയ്യും. കേസ് നടത്തിപ്പിന്റെ മാനസിക പിരിമുറക്കം ഇല്ലാതാകുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

Tags:    

Similar News