ദേശീയ പുരസ്‌കാരത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല; ഒരുപാട് പരീക്ഷണങ്ങള്‍ നേരിട്ടു; വളരെയധികം സന്തോഷമെന്ന് സംവിധായകന്‍ ക്രിസ്റ്റോ ടോമി

വളരെയധികം സന്തോഷമെന്ന് സംവിധായകന്‍ ക്രിസ്റ്റോ ടോമി

Update: 2025-08-01 13:50 GMT

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഉള്ളൊഴുക്ക് ചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി. ഉര്‍വശിക്ക് ദേശീയ പുരസ്‌കാരം കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അദേഹം പറഞ്ഞു. ഒരുപാട് പരീക്ഷണങ്ങള്‍ നേരിട്ടിരുന്നു. ചിത്രം ചെയ്യാന്‍ പറ്റുമോ എന്ന തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. എട്ട് വര്‍ഷമെടുത്തു സിനിമ ചെയ്യാന്‍. സിനിമ ജനങ്ങള്‍ സ്വീകരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂവെന്ന് ക്രിസ്റ്റോ ടോമി പറഞ്ഞു.

ആദ്യത്തെ സിനിമയില്‍ ഉര്‍വശി, പാര്‍വതി തുടങ്ങിയവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ ഭാഗ്യം ഉണ്ടെന്ന് ക്രിസ്റ്റോ ടോമി പറഞ്ഞു. ഉര്‍വശിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് ഏറ്റവും വലിയ ഭാഗ്യം ആണെന്ന് ക്രിസ്റ്റോ ടോമി പറഞ്ഞു. രണ്ട് പുരസ്‌കാരങ്ങളാണ് ഉള്ളൊഴുക്കിന് ലഭിച്ചത്. മികച്ച മലയാള സിനിമായായി ഉള്ളൊഴുക്കിനെയാണ് തിരഞ്ഞെടുത്തത്. ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു.

2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ജവാന്‍ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. റാണി മുഖര്‍ജിയാണ് മികച്ച നടി. മിസ്സിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

Similar News