കെഎസ്ആര്‍ടിസി ബസ് നടുറോഡിലിട്ട് കടന്ന സംഭവം; ഡ്രൈവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് പോലിസ്
കെഎസ്ആര്‍ടിസി ബസ് നടുറോഡിലിട്ട് കടന്ന സംഭവം; ഡ്രൈവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് പോലിസ്
അരൂര്‍: ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ദേശീയ പാതയുടെ നടുവിലിട്ട് കടന്നുകളഞ്ഞ സംഭവത്തില്‍ അരൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു. ഗതാഗത തടസ്സം ഉണ്ടാക്കിയതിന് കൊല്ലം ഡിപ്പോയിലെ ഡ്രൈവറായ ഡി. ബിജുവിനെതിരേയാണ് പോലിസ് കേസെടുത്തത്. ഇതിനുപുറമേ കെഎസ്ആര്‍ടിസി സിഎംഡി സ്‌ക്വാഡും മോട്ടോര്‍വാഹന വകുപ്പും വിഷയത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങി.
വ്യാഴാഴ്ചതന്നെ സിഎംഡി സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചിരുന്നു. ഇത് ഡ്രൈവറെ മര്‍ദിച്ചെന്ന സന്ദേശത്തെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടത് ചോദ്യം ചെയ്തതോടെയാണ് ഡ്രൈവറും കണ്ടക്ടറും ബസ് നടുറോഡിലിട്ട് കടന്നതെന്നും വ്യക്തമായിരുന്നു. ഇതോടെ സിഎംഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ വിശദ അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തില്‍ വൈകാതെ വകുപ്പുതല നടപടികള്‍ ഉണ്ടാകും. ജീവനക്കാര്‍ ബസ് ഉപേക്ഷിച്ച് കടന്നുകളയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഇതും സിഎംഡി സ്‌ക്വാഡിലെ ആലപ്പുഴ ജില്ലാ ചുമതല വഹിക്കുന്ന ഉദ്യോസ്ഥന്‍ തെളിവായി നല്‍കിയിട്ടുണ്ട്.
മാധ്യമങ്ങളില്‍ ഡ്രൈവറും കണ്ടക്ടറും നടന്നു പോകുന്നതിന്റെ ചിത്രം അടക്കം വന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പും പ്രശ്‌നത്തില്‍ ഇടപെട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ടിഒ സജി പ്രസാദ്, ചേര്‍ത്തല ജോയിന്റ് ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി. ദേശീയപാതയിലൂടെ വ്യാഴാഴ്ച രാവിലെ സ്‌കൂട്ടറില്‍ പോയ അരൂര്‍ 11-ാം വാര്‍ഡ് കളരിക്കല്‍ സനൂപ് കെ.എ. (33) ബസിന്റെ പിന്‍ഭാഗം തട്ടി വീഴുകയായിരുന്നു. കോഴിക്കോട്ടേക്ക് പോയ കൊല്ലം ഡിപ്പോയിലെ സൂപ്പര്‍ഫാസ്റ്റ് ബസ് നിയമം ലംഘിച്ച് ഇടതുഭാഗത്തുകൂടെ കയറിപ്പോവുമ്പോഴാണിത് സംഭവിച്ചത്. റോഡിലേക്ക് വീണുവെങ്കിലും പരിക്കേല്‍ക്കാതിരുന്ന സനൂപ് അരൂര്‍ പഞ്ചായത്തിന് മുന്‍വശം കുരുക്കിലായ ബസിനെ മറികടന്നെത്തി സംഭവം ചോദ്യംചെയ്തു. ഇതോടെയാണ് യാത്രക്കാരെ പെരുവഴിയിലാക്കി ഡ്രൈവര്‍ ബിജുവും കണ്ടക്ടര്‍ ശ്രീരാഘവനും ബസ് റോഡിന് നടുവിലിട്ട് കടന്നുകളഞ്ഞത്.