ഏപ്രിലില്‍ കൊച്ചിയില്‍ വച്ചാണ് ഭാര്യയെ അവസാനം കണ്ടത്; മേയ് 17ന് വാട്‌സ്ആപ് ചാറ്റും നിലച്ചു; ജൂണ്‍ ആദ്യം ചിലര്‍ ഭാര്യ മരിച്ചെന്ന് അറിയിച്ചു; സംസ്‌കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അയച്ചു; രണ്ടരക്കോടിയുടെ സ്വത്ത് വില്‍ക്കുന്നതിന് തന്നെ ചുമതലപ്പെടുത്തിയതായും പറഞ്ഞു; ഭാര്യ അന്യായ തടങ്കലില്‍ എന്ന് ഭര്‍ത്താവ്; ഈ ഹേബിയസ് കോര്‍പസ് ഹര്‍ജിക്ക് മാനങ്ങള്‍ ഏറെ
കൊച്ചി: കുടുംബ സുഹൃത്ത് തടവിലാക്കിയ ഭാര്യയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഗൗരവമുള്ളതെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ഗ്വാളിയര്‍ സ്വദേശിനി ശ്രദ്ധ ലെനിനെ (44) മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവന്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നാണ് ഹര്‍ജി. വിഷയം ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് എം.ബി. സ്‌നേഹലത എന്നിവരുള്‍പ്പെട്ട ബെഞ്ച്, അടിയന്തരമായി യുവതിയെ കണ്ടെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഹൈക്കോടതിയില്‍ ശ്രദ്ധയെ ഹാജരാക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ അവര്‍ എടുക്കുന്ന നിലപാട് ഈ കേസില്‍ നിര്‍ണ്ണായകമാകും.
ഭാര്യ ഇടക്കിടെ കേരളത്തില്‍ വരാറുണ്ടെന്നും കുടുംബസുഹൃത്തായ ജോസഫിനൊപ്പമാണ് താമസിക്കാറെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയില്‍വച്ചാണ് ഭാര്യയെ അവസാനം കണ്ടത്. മേയ് 17ന് വാട്‌സ്ആപ് ചാറ്റും നിലച്ചു. ജൂണ്‍ ആദ്യം അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ജി.എം. റാവു, കന്യാസ്ത്രീയെന്നു പറയുന്ന സോഫിയ എന്നിവര്‍ ഫോണില്‍ ബന്ധപ്പെട്ട് ഭാര്യ മരിച്ചെന്ന് അറിയിച്ചു. ഏതോ സംസ്‌കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അയച്ചു. ശ്രദ്ധയുടെ പേരിലുള്ള രണ്ടരക്കോടിയുടെ സ്വത്ത് വില്‍ക്കുന്നതിന് തന്നെ ചുമതലപ്പെടുത്തിയതായും പറഞ്ഞു. എന്നാല്‍, ഭാര്യ അന്യായ തടങ്കലിലാണെന്നാണ് സംശയിക്കുന്നതെന്നും ജോസഫും കൂട്ടരും തന്റെ പക്കല്‍നിന്ന് പല കാരണങ്ങള്‍ പറഞ്ഞ് മുമ്പും പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. സ്വത്ത് തട്ടല്‍ അടക്കമുള്ള ആരോപണങ്ങള്‍ ഇതിലുണ്ട്. അതുകൊമ്ട് തന്നെ പോലീസ് അന്വേഷണം ഈ കേസില്‍ നിര്‍ണ്ണായകമാകും.
കൊച്ചി കമ്മീഷണര്‍ക്കും സെന്‍ട്രല്‍ പോലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഹര്‍ജി പരിഗണിച്ച കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നതിനെക്കുറിച്ച് സര്‍ക്കാറിന്റെ വിശദീകരണം തേടിയിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിലവിലുള്ള സംഘത്തിന് അവസരം നല്‍കണമെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആരെയെങ്കിലും കാണാതാവുകയോ, മനപൂര്‍വം തടഞ്ഞുവച്ചതായി സംശയം ഉണ്ടാവുകയോ ചെയ്യുമ്പോള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നല്‍കുന്ന റിട്ട് ഹര്‍ജിയാണ് ഹേബിയസ് കോര്‍പ്പസ്. 'പ്രൊഡ്യൂസ് ദ ബോഡി' - ശരീരം ഹാജരാക്കുക എന്നതാണു ലളിതമായ അര്‍ഥം.
ഒരു വ്യക്തിയുടെ സംരക്ഷണം സ്റ്റേറ്റിന്റെ (സര്‍ക്കാരിന്റെ) ഉത്തരവാദിത്തമാണ്. ഒരാളെ കാണാതാകുമ്പോള്‍ ഉത്തരം പറയേണ്ട ബാധ്യതയും സ്റ്റേറ്റിനുണ്ട്. അതായതു പൊലീസിനുണ്ട്. ഒരാളെ കാണാതാവുകയോ തടഞ്ഞു വയ്ക്കപ്പെടുകയോ തട്ടികൊണ്ടുപോകുകയോ ചെയ്യുമ്പോഴാണു സാധാരണ നിലയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ എത്തുന്നത്. അഞ്ചു റിട്ട് ഹര്‍ജികളില്‍ ഒന്നാണിത്. ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ചു സുപ്രീംകോടതിയിലും അനുച്ഛേദം 226 അനുസരിച്ചു ഹൈക്കോടതിയിലും ഹര്‍ജി നല്‍കാം.
ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ആര്‍ക്കുവേണമെങ്കിലും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാം. ഹര്‍ജി നല്‍കുന്നയാളുടെ ഉദ്ദ്യേശശുദ്ധി കോടതിക്കു ബോധ്യപ്പെടണം. വിദേശത്തുനിന്നെത്തുന്നവരെ കണ്ടെത്തുന്നതിനും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാം. തലസ്ഥാനത്തു കാണാതായി പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശ വനിതയുടെ കാര്യം ഉദാഹരണം. ഇവരെ കണ്ടെത്താന്‍ വൈകിയതോടെയാണു ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ കണ്ടെത്തേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്.
ഉടന്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തണമെന്നാണു ലളിതകുമാരി വെര്‍സസ് സ്റ്റേറ്റ് ഓഫ് യുപി കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഹര്‍ജിയില്‍ എതിര്‍കക്ഷി പൊലീസായിരിക്കും. നടപടിയെടുക്കാന്‍ വീഴ്ച വന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ശരിയായ കാരണം കോടതിയെ ബോധ്യപ്പെടുത്തണം.